കൊച്ചി : കളമശേരിയില്‍ സ്പായുടെ മറവില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ് രംഗത്ത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായതെന്നും സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് തന്നെ കൂടുതല്‍ ഉപദ്രവിച്ചതെന്ന് ഭാര്യ തന്നോട് പറഞ്ഞതായും ഭര്‍ത്താവ് വ്യക്തമാക്കി. കടുത്ത മാനസിക-ശാരീരിക ആഘാതങ്ങള്‍ നേരിടുന്ന യുവതി നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒഎല്‍എക്‌സില്‍ കണ്ട പരസ്യം കണ്ട് അഭിമുഖത്തിനെത്തിയ യുവതിയെ ലഹരി കലര്‍ത്തിയ ഐസ്‌ക്രീമും ബിയറും നല്‍കി ബോധം കെടുത്തിയാണ് പ്രതികള്‍ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോഡ്ജില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ തടഞ്ഞു. ഒടുവില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘത്തിന്റെ പിടിയില്‍ നിന്നും യുവതിക്ക് രക്ഷപ്പെടാനായത്.
സംഭവവുമായി ബന്ധപ്പെട്ട് സ്പാ നടത്തിപ്പുകാരനായ ഒന്നാം പ്രതി ശ്രീരാജ്, നാലാം പ്രതി ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാം പ്രതി അമ്മു, മൂന്നാം പ്രതി സഞ്ജു എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ലോഡ്ജിൽ നിന്ന് രക്ഷപെടാനുള്ള ശ്രമം തടഞ്ഞത് സഞ്ജുവാണ്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴികള്‍ പൂര്‍ണ്ണമായി രേഖപ്പെടുത്താന്‍ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് സ്പാ പങ്കാളികളെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. യുവതികളെ കെണിയില്‍പ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



