തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച യഷ് ചിത്രം ‘ടോക്സിക്’ കനത്ത തിരിച്ചടികൾക്ക് പിന്നാലെ മറ്റൊരു വലിയ പ്രതിസന്ധിയിൽ കൂടി. ഔദ്യോഗിക ഒടിടി റിലീസ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ അൺകട്ട് എച്ച്ഡി പതിപ്പ് ഇന്റർനെറ്റിൽ ലീക്കായി. ഒടിടി റിലീസിനായി ചിത്രത്തിന്റെ പുതിയ പതിപ്പ് എഡിറ്റ് ചെയ്ത് മാറ്റങ്ങൾ വരുത്തി വെച്ചിരുന്ന സമയത്താണ് ഈ സുപ്രധാന ചോർച്ചയുണ്ടായിരിക്കുന്നത്.
‘എ’ സർട്ടിഫിക്കറ്റോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ്സുകളിൽ നിന്ന് വലിയ വരുമാനം ലഭിച്ചിരുന്നില്ല. ഈ നഷ്ടം നികത്താനായി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്ന രീതിയിൽ ദൃശ്യങ്ങളിൽ മാറ്റം വരുത്തി ഒടിടിക്കായി പുതിയ കട്ട് ഒരുക്കിയിരുന്നു. എന്നാൽ ഈ പതിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെയും ടോറന്റ് സൈറ്റുകളിലൂടെയും വ്യാപകമായി പ്രചരിക്കുന്നത്. റിലീസിന് മുൻപ് 150 കോടി രൂപയുടെ ഒടിടി ഓഫർ ലഭിച്ചിരുന്നെങ്കിലും, ചിത്രത്തിന്റെ ബോക്സ്ഓഫിസ് പ്രകടനം മോശമായതോടെ പ്രമുഖ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ 30 കോടി രൂപയുടെ ഓഫർ മാത്രമാണ് മുന്നോട്ടുവെക്കുന്നത്.
ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം തിയറ്ററുകളിൽ വൻ വിജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവർത്തകർ പ്രാരംഭ ഓഫറുകൾ നിരസിച്ചത്. എന്നാൽ ആദ്യദിനങ്ങളിൽ മികച്ച കളക്ഷൻ നേടിയെങ്കിലും പിന്നീട് ബോക്സ്ഓഫിസിൽ ചിത്രം വൻ ഇടിവാണ് നേരിട്ടത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാനിരിക്കെ ഉണ്ടായ ഈ പതിപ്പ് ചോർച്ച നിർമാതാക്കൾക്ക് കനത്ത സാമ്പത്തിക തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.



