നേപ്പാളിലെ സോളുഖുംബു ജില്ലയിലെ ഫെരിച്ചി ഹെലിപാഡിൽ ലാൻഡിംഗ് നടത്തുന്നതിനിടയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫിഷ്‌ടെയിൽ എയർ, എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് ചൊവ്വാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പോകുന്ന ട്രെക്കിങ് യാത്രികർ ആശ്രയിക്കുന്ന ഖുംബു പാസങ് ലാമു റൂറൽ മുനിസിപ്പാലിറ്റിയിലെ ഫെരിച്ചിയിൽ രാവിലെ 8:11 ഓടെയായിരുന്നു സംഭവം. ലാൻഡിംഗിനായി ഹെലിപാഡിലേക്ക് അടുത്ത രണ്ട് ഹെലികോപ്റ്ററുടെയും റോട്ടർ ബ്ലേഡുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്ററിലുണ്ടായിരുന്ന 47 കാരനായ ഇന്ത്യൻ പൗരൻ വസന്ത് കുമാർ ബലാരമാരമാഡുവാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞത്. അപകടത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം പ്രഭു എയറിന്റെ ഹെലികോപ്റ്റർ മാർഗം ലുക്ലയിലേക്ക് മാറ്റി. ഇതേ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ 53 കാരനായ ന്യൂസിലാൻഡ് പൗരൻ ശൈലേഷ് കൃഷ്ണ പട്ടേലിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടനടി കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്തു.
അപകടത്തിൽപ്പെട്ട രണ്ട് ഹെലികോപ്റ്ററുകളുടെയും പൈലറ്റുമാർക്ക് പരുക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന ക്യാപ്റ്റൻ പ്രജ്ജ്വൽ കെ.സി, എയർ ഡൈനാസ്റ്റി ഹെലികോപ്റ്റർ ഓടിച്ചിരുന്ന ക്യാപ്റ്റൻ രവീന്ദ്ര പ്രജാപതി എന്നിവരാണ് പരുക്കേറ്റ പൈലറ്റുമാർ. ഇതിൽ രവീന്ദ്ര പ്രജാപതിക്ക് സാരമായ പരുക്കേറ്റപ്പോൾ ഫിഷ്‌ടെയിൽ എയർ പൈലറ്റിന് നിസ്സാര പരുക്കുകളാണുള്ളത്. മഞ്ഞ് മൂടിയ ലാൻഡിംഗ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററുകൾ തകർന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് സിംരിക് എയറിന്റെ ഹെലികോപ്റ്റർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ സോളുഖുംബു ജില്ലാ പോലീസും വ്യോമയാന വകുപ്പും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



