ഇറാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പരസ്യമായ വധഭീഷണിയുമായി ഇറാൻ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന തെരുവുകളിൽ ട്രംപിനെ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ കൂറ്റൻ ബിൽബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപിന്റെ ചിത്രത്തിനൊപ്പം ‘We Will Kill Trump’ എന്ന സന്ദേശവും ബിൽബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപിനെ കൊല്ലുമെന്ന പരസ്യമായ ഭീഷണി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ തീവ്രത വീണ്ടും വ്യക്തമാക്കുന്നതാണ്.
ട്രംപിനെ മാത്രമല്ല, അമേരിക്കൻ ഭരണകൂടത്തിലെ മറ്റ് പ്രമുഖരെയും ഇസ്രയേൽ നേതൃത്വത്തെയും ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രചാരണം. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളും മറ്റൊരു കൂറ്റൻ ബിൽബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. കീറിപ്പറിഞ്ഞ അമേരിക്കൻ, ഇസ്രയേൽ പതാകകളുടെ പശ്ചാത്തലത്തിൽ പരുക്കേറ്റ് ചോരയൊലിക്കുന്ന രീതിയിലാണ് നേതാക്കളെ ചിത്രീകരിച്ചിരിക്കുന്നത്. ‘There Will Be Blood’ എന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പകരം ചോദിക്കണമെന്ന ആവശ്യമാണ് പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രബിന്ദു. ഖമനയിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ഇറാൻ ആരോപിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ രോഷമാണ് ഇത്തരം പ്രചാരണങ്ങളിലൂടെ പുറത്തുവരുന്നത്.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പരസ്യപ്രചാരണം ശ്രദ്ധേയമാകുന്നത്. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായി നിർണായകമാണ്. ഇറാനുമായുള്ള സംഘർഷവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും അമേരിക്കൻ ജനതയ്ക്കിടയിൽ ചർച്ചയാകുന്നതിനിടെ ട്രംപിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ തെരുവുകളിൽ ട്രംപിനെതിരായ ഇത്തരം പ്രചാരണങ്ങൾ ഇതാദ്യമല്ല. നേരത്തെയും അമേരിക്കൻ പതാക പുതപ്പിച്ച ശവപ്പെട്ടികളുടെ ചിത്രങ്ങളും ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയ ബിൽബോർഡുകൾ ഇറാൻ സ്ഥാപിച്ചിരുന്നു. ‘ചോരയ്ക്ക് ചോര’ എന്ന സന്ദേശമായിരുന്നു അന്ന് പ്രചാരണത്തിന്റെ കാതൽ.
അതേസമയം, ഇത്തരം ബിൽബോർഡുകൾക്ക് സൈനികമായ നേരിട്ടുള്ള പ്രത്യാഘാതമുണ്ടാക്കാൻ കഴിയില്ലെങ്കിലും അമേരിക്കൻ പ്രസിഡന്റിനെതിരെയുള്ള പരസ്യമായ വധഭീഷണി നയതന്ത്രതലത്തിൽ വലിയ ഗൗരവമുള്ള വിഷയമാണ്. വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും നടക്കുന്ന ഈ പ്രകോപനങ്ങൾ അമേരിക്ക-ഇറാൻ ബന്ധത്തിലെ ആഴത്തിലുള്ള ശത്രുതയാണ് തുറന്നുകാട്ടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഇത്തരം പരസ്യപ്രചാരണങ്ങൾ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ശക്തമാണ്.



