ന്യൂഡൽഹി: മാസങ്ങൾ നീണ്ട സുരക്ഷാ നിയന്ത്രണങ്ങൾക്കും വൻ പ്രതിഷേധങ്ങൾക്കും ഒടുവിൽ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തർ റോഡ് വീണ്ടും ഗതാഗതത്തിനായി തുറന്നു. റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കിയതോടെ മേഖലയിലെ വാഹനഗതാഗതവും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും സാധാരണ നിലയിലായി. എന്നാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് ഇപ്പോഴും കനത്ത പോലീസ് വിന്യാസം തുടരുന്നുണ്ട്.
ദിവസങ്ങൾ നീണ്ട സിജെപി സമരത്തെ തുടർന്ന് ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ ഗതാഗതം പൂർണ്ണമായി തടയുകയും സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഒന്നര മാസത്തെ അടച്ചിടലിനു ശേഷം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത് വ്യാപാരികൾക്ക് വലിയ ആശ്വാസമായി. അതേസമയം, വരാനിരിക്കുന്ന ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ഇന്ത്യാ ബിനാലെയുടെ വേദിയായി ജന്തർ മന്തറിനെ മാറ്റാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ജന്തർ മന്തർ പ്രതിഷേധ സ്ഥലങ്ങളുടെ ഇടത്തിൽ നിന്ന് നീക്കം ചെയ്തതിനെതിരെയുള്ള ഹർജികൾ ഈ മാസം അവസാനം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും.



