ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും അഷുതോഷ് റാങ്കയെയും ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ രജൗരി ഗാർഡനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായ നേതാക്കളെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 13-ന് പ്രതിഷേധ അനുമതിയില്ലാത്ത ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിച്ച സംഭവത്തിലാണ് സി.ജെ.പി നേതാക്കൾക്കെതിരെ കേസ് നിലനിൽക്കുന്നത്. കണോട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നേരത്തെ സമൻസ് നൽകിയിരുന്നെങ്കിലും കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ആദ്യഘട്ടത്തിൽ ഹാജരായിരുന്നില്ല.



