രാഷ്ട്രീയ കേരളത്തിൽ കാലങ്ങളായി കണ്ടുവരുന്ന ഒരു വിചിത്രമായ ആപൽക്കരമായ യാഥാർത്ഥ്യമുണ്ട്, വളർത്തു മൃഗങ്ങൾ യജമാനനെത്തന്നെ കടിക്കാൻ തുടങ്ങുന്ന ഒരു അവസ്ഥ. സിപിഎം ഒരിക്കൽ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സോഷ്യൽ മീഡിയയിൽ നിശബ്ദരാക്കാനും, ഏതുവിധേനയും വേട്ടയാടി കരിവാരിത്തേക്കാനും അഴിച്ചുവിട്ട ഓൺലൈൻ സൈബർ ഗുണ്ടാ സംഘങ്ങൾ ഇപ്പോൾ പാർട്ടി നേതൃത്വത്തിന്റെ നിയന്ത്രണം വിട്ട് തിരിഞ്ഞുകുത്തുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കാണുന്ന കാഴ്ച തികച്ചും പരിഹാസ്യവും അതോടൊപ്പം ഭയാനകവുമാണ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ വീട്ടിൽ പോയി സന്ദർശിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഉന്നത നേതാക്കളും, ജനപ്രതിനിധിയായ എം. വിജിൻ എംഎൽഎ അടക്കമുള്ളവരും സ്വന്തം പാർട്ടിയുടെ അണികളിൽ നിന്ന് നേരിടുന്നത് സമാനതകളില്ലാത്ത അസഹിഷ്ണുതയും തെറിവിളികളുമാണ്.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? മാസങ്ങൾക്ക് മുൻപ് വയനാട്ടിലെ ദുരിതബാധിതർക്കുള്ള പുനരധിവാസ ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ നടൻ മമ്മൂട്ടി, തനിക്കൊപ്പം സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് നിരന്തരം ഒപ്പം നടക്കുന്നത് കണ്ടപ്പോൾ, ഇതൊരു രാഷ്ട്രീയ സന്ദർശനമായി ജനങ്ങൾ തെറ്റിദ്ധരിക്കാതിരിക്കാൻ സ്നേഹപൂർവ്വം മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ആ മനുഷ്യൻ ചെയ്തത് ഒരു പൊതുപ്രവർത്തകന്റെയോ കലാകാരന്റെയോ ഭാഗത്തുനിന്നുള്ള സ്വാഭാവികമായ ജാഗ്രത മാത്രമായിരുന്നു. എന്നാൽ അന്ന് തുടങ്ങിയതാണ് ഇടതുപക്ഷ സൈബർ പോരാളികൾ എന്നവകാശപ്പെടുന്നവരുടെ വെറിപൂണ്ട അഴിഞ്ഞാട്ടം. അന്ന് തന്നെ മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ച ഇക്കൂട്ടർ, ഇപ്പോൾ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സംസ്ഥാന നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ച് ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെ തങ്ങളുടെ തന്നെ യുവനേതാക്കൾക്കെതിരെ വാളെടുത്തിരിക്കുകയാണ്.
“സഖാവ് റഫീഖിനെ അപമാനിച്ചവന്റെ മുന്നിൽ പോയി ചിരിച്ചു നിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ”, “പാർട്ടി കഴിഞ്ഞിട്ടേ ഉള്ളൂ ഏത് വലിയ നടനും”, “വേണ്ടായിരുന്നു സഖാവേ” എന്നിങ്ങനെയുള്ള വിദ്വേഷ കമന്റുകൾ കൊണ്ട് സ്വന്തം നേതാക്കളുടെ സോഷ്യൽ മീഡിയ ഭിത്തികൾ നിറയ്ക്കുകയാണ് ഈ വെട്ടുകിളിക്കൂട്ടം. കൗതുകകരമായ കാര്യം, മുതിർന്ന നേതാവ് പി. ജയരാജനും, ഇതിൽ പരാതിക്കാരനാക്കപ്പെട്ട സാക്ഷാൽ കെ. റഫീഖ് തന്നെയും നേരിട്ടെത്തി ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പരസ്യമായി അപേക്ഷിച്ചിട്ടും ഈ സൈബർ സംഘം അത് കേൾക്കാൻ തയ്യാറാകുന്നില്ല എന്നതാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പറയുമ്പോഴും, ജില്ലാ സെക്രട്ടറി തന്നെ ഇത് വിവാദമാക്കരുതെന്ന് ആവർത്തിക്കുമ്പോഴും, നേതൃത്വത്തിന്റെ വാക്കുകളെ കാറ്റിൽപ്പറത്തി സ്വന്തം പാർട്ടിയുടെ എംഎൽഎമാരെയും യുവജന നേതാക്കളെയും പച്ചയ്ക്ക് ആക്രമിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് ഇവർ.
ഇതാണ് വിതച്ചതു കൊയ്യുക എന്ന് പറയുന്നത്. വർഷങ്ങളായി ആശയപരമായ രാഷ്ട്രീയ സംവാദങ്ങൾക്ക് പകരം എതിർശബ്ദങ്ങളെയും സാംസ്കാരിക നായകരെയും മാധ്യമപ്രവർത്തകരെയും തെറിവിളിച്ചും വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടും നിശബ്ദരാക്കാൻ സിപിഎം പരീക്ഷിച്ച് വളർത്തിയെടുത്ത ഒരു സമാന്തര സൈബർ വേട്ടപ്പട്ടികളാണ് ഇവർ . പാർട്ടിയുടെ രാഷ്ട്രീയ ബോധമോ ജനാധിപത്യ മൂല്യങ്ങളോ വിവരമോ ഇല്ലാത്ത ഈ ക്വട്ടേഷൻ വെർച്വൽ സംഘങ്ങൾക്ക് ഒടുവിൽ ഇരകളെ കിട്ടാതെ വന്നപ്പോൾ അവർ സ്വന്തം കൂടാരത്തിലേക്ക് തന്നെ കൊത്താൻ തുടങ്ങി. കലയെയും സംസ്കാരത്തെയും ജനമനസ്സുകളെയും മാനിക്കാത്ത, സങ്കുചിതമായ അടിമക്കണ്ണുകളിലൂടെ മാത്രം ലോകത്തെ കാണുന്ന ഈ ആൾക്കൂട്ടം ഇന്ന് സിപിഎമ്മിന് തന്നെ തലവേദനയായി മാറിയിരിക്കുന്നു.
തങ്ങളുടെ നേതാക്കന്മാർക്ക് ആരെ കാണണം, ആരുമായി സംസാരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നൽകാൻ തയ്യാറാകാത്ത ഈ ആൾക്കൂട്ട ഫാസിസം തന്നെയാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും തകർച്ചയുടെ തുടക്കം. മമ്മൂട്ടിയെപ്പോലൊരു ഇതിഹാസ തുല്യനായ കലാകാരനെതിരെയും, പാർട്ടി സംവിധാനത്തിൽ രാപകലില്ലാതെ അധ്വാനിക്കുന്ന യുവനേതാക്കൾക്കെതിരെയും വിഷം തുപ്പുന്ന ഈ അന്ധരായ സൈബർ പടയാളികളെ കയറൂരിവിട്ടതിന്റെ വിലയാണ് പാർട്ടി ഇന്ന് പൊതുസമൂഹത്തിന് മുന്നിൽ പരിഹാസ്യരായിക്കൊണ്ട് കൊടുക്കുന്നത്. പിന്നെ കമ്മ്യൂണിസത്തെ നെഞ്ചോടു ചേർത്ത ഒരു പാവം സഖാവിനെ 58 വെട്ട് വെട്ടിക്കൊന്ന ചെറ്റകളുടെ കൂറ് തന്നെയാണ് ഈ ഓൺലൈൻ ഗുണ്ടാ സംഘങ്ങൾക്കും ഉള്ളത്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഉണ്ടാക്കിയ വിഷവാളുകൾ ഇപ്പോൾ തിരിഞ്ഞ് സിപിഎമ്മിന്റെ സ്വന്തം നെഞ്ചിലേക്ക് തന്നെ തുളച്ചുകയറുകയാണ്. നേതൃത്വത്തിന്റെ അഭ്യർത്ഥനകളെപ്പോലും പുല്ലുപോലെ തള്ളിക്കളയുന്ന ഈ ഓൺലൈൻ ഗുണ്ടായിസത്തെ നിലയ്ക്കുനിർത്താൻ സിപിഎമ്മിന് ഇനിയെങ്കിലും സാധിക്കുമോ, അതോ ഈ സൈബർ ഭീകരതയുടെ പിടിയിൽ പാർട്ടി സ്വയം ശ്വാസംമുട്ടി മരിക്കുമോ എന്ന് കാലം തെളിയിക്കും.



