തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിലെ നിർണ്ണായക തെളിവുകൾ കണ്ടെത്തുന്നതിനായി പ്രതി ഉമറുമായി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ മറ്റൊരു പുരയിടത്തിലുള്ള കിണറ്റിലെ വെള്ളം പൂർണ്ണമായും വറ്റിച്ചാണ് പരിശോധന നടത്തുന്നത്. പ്രതി നേരത്തെ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തുള്ള ഈ കിണറ്റിൽ കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണുകളും ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് നടപടി. പരിശോധനയ്ക്കായി കഴക്കൂട്ടം അഗ്നിരക്ഷാ സേനയും ചെങ്കൽചൂളയിൽ നിന്നുള്ള സ്കൂബാ ഡൈവിംഗ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് പ്രധാന തൊണ്ടിമുതലുകളോ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിത നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളുമാണ് പോലീസിനെ വലയ്ക്കുന്നത്. കൊല്ലപ്പെട്ട അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ്, അഭിരാമിന്റെയും സുഹൃത്ത് ആനന്ദിന്റെയും മൊബൈൽ ഫോണുകൾ എന്നിവയാണ് ഇനി കണ്ടെത്താനുള്ളത്.
തെളിവുകൾ നശിപ്പിക്കാനായി പ്രതികൾ പലവഴികൾ തേടിയെന്നാണ് പോലീസിന്റെ നിഗമനം. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു പതിനേഴുകാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നാണ് ഉമർ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാടുമൂടിയ പ്രദേശങ്ങളിലും, സ്കൂബാ സംഘത്തിന്റെ സഹായത്തോടെ സമീപത്തെ തെറ്റിയാർ തോട്ടിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണത്തിന്റെ തുടക്കം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി അന്വേഷണസംഘം ഉടൻതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.



