സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല!! ബസ് ഉടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി! വിദ്യാർത്ഥി കൺസെഷനും വർധിപ്പിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കില്ല. ഗതാഗത മന്ത്രി സി.പി. ജോണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബസ് ചാർജ് കൂട്ടണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം സർക്കാർ തള്ളി. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലും വർദ്ധനവുണ്ടാകില്ല. എന്നാൽ, നിരക്ക് വർദ്ധനവ് ഒഴികെയുള്ള ബസ് ഉടമകളുടെ മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ ബസ് ഉടമകൾക്കിടയിൽ തന്നെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചാർജ് കൂട്ടിയാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നും ആളുകൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ തുടങ്ങുമെന്നും ബസ് ഉടമകളിൽ ഒരു വിഭാഗം ആശങ്കപ്പെടുന്നുണ്ട്. മുൻപ് സംസ്ഥാനത്ത് മുപ്പതിനായിരത്തോളം ബസുകൾ ഉണ്ടായിരുന്നത് നിലവിൽ എണ്ണായിരമായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധനവ് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. അതേസമയം, ഓട്ടോ-ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്നതാണ് സർക്കാരിന്റെയും നിലപാടെന്ന് മന്ത്രി പറഞ്ഞു. 2022-ലാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കൗമാരക്കാർ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾ കർശനമായും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രി സി.പി. ജോൺ ആവശ്യപ്പെട്ടു. മക്കൾ വാഹനമോടിച്ചത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല. വാഹന ഉടമകൾ എന്ന നിലയിൽ ഇത്തരം കേസുകളിൽ രക്ഷിതാക്കൾക്കും ശിക്ഷ ഉറപ്പാക്കണം. ഇതിനുപുറമെ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികൾ കൂടുതൽ കർശനമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles