ഫുജൈറയിൽ വൻ വാഹനാപകടം! കൂട്ടിയിച്ചത് 23 വാഹനങ്ങൾ!! ഇന്ത്യക്കാരടക്കം 14 പേർക്ക് ദാരുണാന്ത്യം, 30 പേർക്ക് പരിക്ക്

ഫുജൈറ : യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ പൗരന്മാരടക്കം 14 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് തീപിടുത്തമുണ്ടാകുകയുമായിരുന്നു. അഞ്ച് ട്രക്കുകൾ ഉൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.

ഫുജൈറയുടെ പ്രവേശന കവാടത്തിന് സമീപമുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലായിരുന്നു അപകടം. ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന് തീപിടിക്കുകയും തീ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തതാണ് മരണസംഖ്യ ഉയരാൻ ഇടയാക്കിയത്.

അപകടത്തിൽ പരിക്കേറ്റ 30 പേരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരിൽ യു.എ.ഇ സ്വദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ യു.എ.ഇ, ഒമാൻ, ഇന്ത്യ, ബ്രസീൽ, പാകിസ്ഥാൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. തീപിടുത്തത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ ചിലരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.

വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ആംബുലൻസ് വിഭാഗവും സിവിൽ ഡിഫൻസ് സംഘവും സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. പ്രത്യേക സംഘം ഇപ്പോഴും അപകടസ്ഥലത്ത് തുടരുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ദുരന്തത്തിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ഫുജൈറ പോലീസും അനുശോചനം രേഖപ്പെടുത്തി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles