ഇടുക്കി : കുമളിയിൽ നിന്ന് കട്ടപ്പനയിലേക്ക് വരുന്ന വഴിയിൽ ആന വിലാസം അങ്ങാടി കഴിഞ്ഞ് മുന്നോട്ടു വരുമ്പോൾ അതാ ഇടത് വശത്തായി ഒരു ബോർഡ്…’കള്ള്.’ പിന്നൊന്നും നോക്കിയില്ല. കട്ടപ്പനയിലെ കൂട്ടുകാർ, ശ്രീകുമാറും ശ്രീകാന്തും കൂടെയുണ്ടായിരുന്നു. കള്ള് ഷാപ്പിന്റെ മുന്നിൽത്തന്നെ ഥാർ ബ്രേക്കിട്ടു. വണ്ടി പാർക്ക് ചെയ്തിട്ട്, ബോർഡിന്റെ മുന്നിൽ വന്നു നിന്ന് ഒന്നോടിച്ചു നോക്കി.

‘ആഹാ കള്ള് മാത്രമല്ല, കപ്പ, അപ്പം, ബീഫ് ഫ്രൈ, എല്ല് കറി, പന്നിക്കറി, പോട്ടി, കോഴിക്കറി, മീൻകറി…’
റോഡിന്റെ ഇത്തിരി മുകളിലായിട്ടാണ് ഷാപ്പ്. കൽപ്പടികൾ കയറി മുകളിലെത്തി. എന്താണ് വേണ്ടതെന്ന് ആദ്യമേ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടാണ് വണ്ടി നിർത്തിയത്. കുറെപ്പേർ കള്ളും കുടിച്ച് സൊറ പറഞ്ഞിരുപ്പുണ്ട്. അവരൊക്കെ അവിടുത്തുകാരാണെന്ന് വേഷത്തിലും സംസാരത്തിലും നിന്ന് മനസ്സിലായി. ഹൈടെക് ഷാപ്പൊന്നുമല്ല. നീളൻ മരമേശയും, ബെഞ്ചും. മുറ്റത്ത് വച്ചിരിക്കുന്ന ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് കൈ കഴുകി അകത്തേക്ക് കയറി. അവിടെ രണ്ട് മേശയും ബെഞ്ചുമുണ്ട്. അതിലൊരു ബെഞ്ചിൽ ആസനമുറപ്പിച്ചു. അപ്പോഴേക്കും സപ്ലെയർ കം ക്യാഷ്യർ ചേട്ടൻ അടുത്തു വന്നു.
നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല.

“ചേട്ടാ, കപ്പയും എല്ല് കറിയും, പിന്നെ ഒരേ ഒരു ഗ്ലാസ്സ് കള്ളും.” ഞാൻ പറഞ്ഞു.
“എനിക്ക് ഒരു കപ്പയും, പന്നിക്കറിയും, ഒരു കള്ളും…” ശ്രീകുമാറും വിട്ടില്ല. പക്ഷേ, ശ്രീകാന്തിന് ഒന്നും വേണ്ട. രണ്ടു കൊച്ചുങ്ങളുടെ അച്ഛനായെങ്കിലും, പുള്ളി ജനിച്ചിട്ടിന്നേ വരെ കള്ള് കൈ കൊണ്ട് തൊട്ടിട്ടില്ല. കള്ള് മാത്രമല്ല, യാതൊരു ഇറച്ചിയുടെ രുചിയും ഇഷ്ടൻ ഇന്നേവരെ അറിഞ്ഞിട്ടില്ല. മീൻ പോലും കഴിച്ചു തുടങ്ങിയത് ഈയടുത്ത കാലത്ത് മാത്രമാണ്. അതും നെത്തോലിയോ ചാളയോ മത്തിയോ പോലെയുള്ള പൊടിമീനുകൾ.

ഷാപ്പിലാണെങ്കിൽ മീൻ തീർന്നും പോയി. എത്ര നിർബന്ധിച്ചിട്ടും അര ഗ്ലാസ്സ് കള്ള് പോലും കുടിക്കാൻ ശ്രീകാന്ത് തയ്യാറായില്ല. എന്തായാലും കപ്പയും എല്ല് കറിയും എന്റെ മുന്നിലും, കപ്പയും പന്നിക്കറിയും ശ്രീകുമാറിന്റെ മുന്നിലും വന്നു. പിന്നെ കള്ളും. ബ്രൗൺ നിറത്തിൽ കൊഴുകൊഴുത്ത എല്ല് കറി കണ്ടപ്പോൾത്തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. വറുത്ത മസാലയുടെ കൊതിപ്പിക്കുന്ന മണം. കറിയെടുത്ത് കപ്പയിൽ ചുറ്റിച്ച് ഒന്നൊഴിച്ചു. കുഴച്ച് വായിലേക്ക് വച്ചു. ഈരേഴ് പതിനാല് ലോകവും കാണുന്ന രുചി. കഷണങ്ങളാകട്ടെ, അധികം മുറ്റില്ലാത്തതും. നല്ല അസ്സല് കള്ള് കൂടിയായപ്പോൾ സംഗതി ജോറായി. പത്ത് മിനിറ്റ് കൊണ്ട് കപ്പയും എല്ല് കറിയും കാലിയാക്കി. കൈ കഴുകി പണം കൊടുക്കാൻ ചെന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. എല്ലാം കൂടി 530/- രൂപയേ ആയുള്ളൂ. എല്ല് കറിയെന്ന് കേൾക്കുമ്പോൾ അതിന്റെ രുചി അറിയാത്തവർക്ക് ഒരു അസ്കിത തോന്നും. സാരമില്ല, എന്നെങ്കിലും ഒരിക്കൽ കഴിച്ചു നോക്കണം. അപ്പോ അങ്ങനെയെന്തെങ്കിലും അസ്കിതയുണ്ടെങ്കിൽ അതങ്ങ് മാറിക്കിട്ടും. എല്ല് കറിയെന്നു വച്ചാൽ അത് ഇടുക്കിക്കാരുടേത് മാത്രമാണ്. മറ്റു പലയിടങ്ങളിലും എല്ല് കറി ഉണ്ടാക്കുന്നുണ്ടാവാം. പക്ഷേ, അതൊരിക്കലും ഇടുക്കിക്കാരുടെ എല്ല് കറിക്ക് പകരമാവില്ല. പുറത്തിറങ്ങി വണ്ടിക്കടുത്തേക്ക് നടക്കുമ്പോൾ ആ ഷാപ്പ് ഇങ്ങനെ ചോദിക്കുന്നത് പോലെ തോന്നി.
‘ഇനിയും വരില്ലേ കുറ്റീം പറിച്ചു കൊണ്ട് ഇതുവഴിയേ…?’
മനസ്സിൽ മറുപടിയും പറഞ്ഞു.
‘വരാതെ പിന്നെവിടെ പോകാൻ? ഉറപ്പായും വരും…




