തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവെക്കുന്നതായി പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും ബിജെപിയുടെ ആശയങ്ങൾ കൃത്യമായി പഠിക്കാതെ എടുത്തുചാടി തീരുമാനമെടുക്കുകയായിരുന്നുവെന്നും പത്മജ പ്രതികരിച്ചു.
തന്റെ രാജി തീരുമാനം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെ മാത്രമാണെന്ന് പത്മജ വെളിപ്പെടുത്തി. ഈ തീരുമാനത്തിലൂടെ ചേട്ടനെ തിരികെ കിട്ടിയെന്നും അതാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയിൽ പദവികൾ ലഭിക്കാത്തതിനാലല്ല താൻ രാജിവെക്കുന്നതെന്ന് പത്മജ വ്യക്തമാക്കി. ബിജെപി നേതൃത്വം തനിക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെന്നും താനും ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് പത്മജ പ്രതികരിച്ചു. എന്നാൽ കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അവർ അറിയിച്ചു. കോൺഗ്രസിലെ ഏതെങ്കിലും പദവികൾ ലക്ഷ്യം വെച്ചല്ല തന്റെ രാജിയെന്നും പാർട്ടിയിൽ ആരുമായും തർക്കത്തിനില്ലെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അവർ കോൺഗ്രസിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന സൂചനകളും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നുണ്ട്.



