ചെന്നൈ: നൂറ് കോടി രൂപയുടെ അഴിമതിക്കേസിൽ തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ഡി.എം.കെ. നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിൽ. കേസിൽ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സർക്കാർ അംഗീകാരങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് കേസ്. 177 സ്കൂളുകളിൽനിന്ന് ഇത്തരത്തിൽ പണം കൈപ്പറ്റിയതായാണ് കണ്ടെത്തൽ. അൻബിൽ മഹേഷിനെതിരായ ഡിജിറ്റൽ തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രജിസ്ട്രേഷൻ ഇല്ലാത്ത ‘തമിഴ്നാട് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ’ എന്ന സംഘടനയുടെ മറവിൽ ബി.ടി. അരശകുമാർ എന്നയാൾ നടത്തിയ തട്ടിപ്പുകളുമായി മന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. സ്കൂളുകളുടെ അംഗീകാരം പുതുക്കൽ, കെട്ടിട പ്ലാൻ അംഗീകരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഭരണസ്വാധീനം ഉപയോഗിച്ച് പണം തട്ടിയെന്ന പരാതിയിലാണ് മുൻ മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അൻബിൽ മഹേഷിന്റെ അടുത്ത അനുയായി മുത്തുകുമാറിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



