ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ചത്. ലഖ്നൗ റേഞ്ച് ഐ.ജി കിരൺ എസ്. ആണ് എസ്‌ഐടിയുടെ തലവൻ.
സുൽത്താൻപൂർ അഡീഷണൽ എസ്.പി ബ്രിജ് നാരായൺ സിംഗ്, ട്രാഫിക് ഡിവൈ.എസ്.പി രാം കൃഷ്ണ ചതുർവേദി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. അപകടത്തിന്റെ കൃത്യമായ കാരണം, സുരക്ഷാ വീഴ്ചകൾ, ഗതാഗത ക്രമീകരണങ്ങളിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് എസ്.ഐ.ടി വിശദമായി അന്വേഷിക്കും. ഒപ്പം ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സംഘം സർക്കാരിന് സമർപ്പിക്കും.



