മഹാരാജാസ് കോളേജിന്റെ തിരുമുറ്റത്ത് വീണ്ടും അസഹിഷ്ണുതയുടെയും അധികാര ധാർഷ്ട്യത്തിന്റെയും പുതിയൊരു അധ്യായം കൂടി തുറക്കപ്പെട്ടിരിക്കുകയാണ്. കലാലയ രാഷ്ട്രീയം വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്കാണോ അതോ സ്വന്തം സംഘടനയുടെ അഹന്തയും ധിക്കാരവും കാട്ടി പൊതുവേദികളെ അലങ്കോലപ്പെടുത്താനാണോ എന്ന ഗൗരവമേറിയ ചോദ്യമാണ് ഇപ്പോൾ കേരളത്തിന്റെ മനസ്സാക്ഷിക്ക് മുന്നിൽ ഉയർന്നുനിൽക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയുണ്ടായ നാടകീയ രംഗങ്ങളും അതിനെത്തുടർന്ന് എസ്എഫ്ഐ നേതാക്കൾക്കെതിരെ കോളേജ് അധികൃതർ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടിയും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യവുമായ നിമിഷമാണ് ബിരുദദാന ചടങ്ങ് . കഷ്ടപ്പെട്ട് പഠിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിൽ കാത്തുനിൽക്കുന്ന കുട്ടികളുടെ ആ സ്വപ്നങ്ങൾക്ക് മുകളിലാണ് എസ്എഫ്ഐ തങ്ങളുടെ തരംതാണ കക്ഷിരാഷ്ട്രീയം വലിച്ചിഴച്ചത്. മന്ത്രി വേദിയിൽ സംസാരിച്ചുകൊണ്ടിരുന്ന അതീവ ഗൗരവമേറിയ സന്ദർഭത്തിൽ, ഒരു പൊതുവേദിയിൽ പാലിക്കേണ്ട പ്രാഥമിക മര്യാദകൾ പോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് യൂണിയൻ വൈസ് ചെയർപേഴ്സൺ വേദിയിലേക്ക് അതിക്രമിച്ചു കയറിയത്. ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പുകൾ രേഖപ്പെടുത്താനും കലാലയങ്ങളിൽ തീർച്ചയായും ഇടമുണ്ട്; എന്നാൽ അത് ആർക്കുവേണ്ടിയും എപ്പോൾ വേണമെങ്കിലും കയ്യാങ്കളിയാക്കി മാറ്റാനുള്ള ലൈസൻസല്ലെന്ന് ഈ സംഘടന എപ്പോഴാണ് തിരിച്ചറിയുക?
കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെ പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ഒരു അക്കാദമിക് ചടങ്ങിനെ സ്വന്തം പ്രകടന വേദിയാക്കി മാറ്റിയ ഈ വിവരക്കേടിന് ഇത്തരമൊരു നടപടി അത്യന്താപേക്ഷിതമായിരുന്നു. കെഎസ്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൃത്യമായ തെളിവുകളുടെ വെളിച്ചത്തിലാണ് കോളേജ് കൗൺസിൽ നടപടിയെടുത്തത്. മുഖ്യമന്ത്രി പോലും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും അച്ചടക്കലംഘനത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ, ഈ നേതാക്കളുടെ പെരുമാറ്റം എത്രത്തോളം അതിരുകടന്നതായിരുന്നു എന്ന് വളരെ വ്യക്തമാണ്.
എന്നാൽ സ്വന്തം തെറ്റുകൾ തിരുത്താനോ ചെയ്ത അപരാധത്തെക്കുറിച്ച് ആത്മപരിശോധന നടത്താനോ എസ്എഫ്ഐ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അച്ചടക്ക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ പതിവുപോലെ കോളേജിൽ പ്രതിഷേധത്തിന്റെ കോലാഹലങ്ങൾ അഴിച്ചുവിടാനാണ് അവർ തുനിഞ്ഞത്. ക്യാമ്പസ് ജനാധിപത്യത്തിന്റെ കാവലാളുകളാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വീമ്പിളക്കുന്ന ഒരു പ്രസ്ഥാനം, അച്ചടക്ക നിയമങ്ങൾക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിക്കുകയാണ്. ഇതര വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാൻ പോലും സ്വാതന്ത്ര്യം നൽകാതെ ക്യാമ്പസിനെ തങ്ങളുടെ മാത്രം തട്ടകമാക്കി മാറ്റിയ ഇവർ, ഒരു പൊതുചടങ്ങിന്റെ അന്തസ്സ് തകർത്തതിന് കിട്ടിയ ചെറിയൊരു ശിക്ഷയെപ്പോലും രാഷ്ട്രീയ വേട്ടയാടലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് തീർത്തും അപഹാസ്യമാണ്.
വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വളരേണ്ടത് ചോദ്യം ചെയ്യാനുള്ള ചിന്താശേഷിയും സംവാദ സംസ്കാരവും ഉയർത്തിപ്പിടിച്ചാണ്, അല്ലാതെ മറ്റുള്ളവരുടെ പഠനാന്തരീക്ഷവും അഭിമാന നിമിഷങ്ങളും തകർത്തുകൊണ്ടല്ല. സ്വന്തം അണികളെ കയറൂരിവിട്ട് ക്യാമ്പസുകളിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം രീതികൾക്ക് ഇനി എത്രനാൾ പൊതുസമൂഹം മൂകസാക്ഷിയാകും? മഹാരാജാസ് കോളേജിൽ ഇപ്പോൾ വന്നിരിക്കുന്ന ഈ സസ്പെൻഷൻ ഒരു തുടക്കം മാത്രമാകണം. നിയമവും അച്ചടക്കവും ആർക്കും ലംഘിക്കാനുള്ളതല്ലെന്ന് അക്രമ രാഷ്ട്രീയം ശീലമാക്കിയവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ എന്തുമാവാം എന്ന വ്യാമോഹം ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കിൽ ചരിത്രപ്രസിദ്ധമായ ഒരു മഹാകലാലയത്തിന്റെ പാരമ്പര്യം തന്നെ ഈ അസഹിഷ്ണുതയിൽ എരിഞ്ഞുതീരും.



