തിരുവനന്തപുരം : മാധ്യമപ്രവർത്തനം കേവലം വാർത്തകളുടെ വിതരണത്തിനപ്പുറം സമൂഹത്തിന്റെ മന:സ്സാക്ഷിയായി മാറേണ്ട ഒരു കാലഘട്ടത്തിലാണ് ഡിഎൻഎ ന്യൂസ് മലയാളം ഡിജിറ്റൽ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ആരുടെയും സ്വാധീനങ്ങൾക്കോ ബാഹ്യസമ്മർദ്ദങ്ങൾക്കോ വഴങ്ങാതെ, എപ്പോഴും നീതിയുടെയും സത്യത്തിന്റെയും ധർമ്മത്തിന്റെയും പക്ഷത്ത് അടിയുറച്ചു നിൽക്കുക എന്നതാണ് ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം.
സത്യം തമസ്കരിക്കപ്പെടുകയും വ്യാജവാർത്തകളും അജണ്ടകളും വാർത്താമുറികളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഈ കാലത്ത്, ഭയമില്ലാതെ വസ്തുതകൾ വിളിച്ചുപറയുക എന്നത് ഒരു മാധ്യമത്തിന്റെ ചരിത്രപരമായ കടമയാണ്. ആ കടമ പൂർണ്ണമായ ആത്മാർത്ഥതയോടെ നിറവേറ്റാൻ ഡിഎൻഎ ന്യൂസ് പ്രതിജ്ഞാബദ്ധമാണ്. സാധാരണക്കാരുടെ കണ്ണീരിനും അവരുടെ നീതിക്കായുള്ള പോരാട്ടങ്ങൾക്കുമാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. അധികാരത്തിന്റെ ഇടനാഴികളിലെ അഴിമതികളും അനീതികളും ചോദ്യം ചെയ്യപ്പെടുന്ന ഇടമായിരിക്കും ഈ പ്ലാറ്റ്ഫോം. പക്ഷപാതമില്ലാത്ത വിശകലനങ്ങളും സമഗ്രമായ അന്വേഷണ റിപ്പോർട്ടുകളും കൃത്യതയാർന്ന രാഷ്ട്രീയ-സാമൂഹിക-വിനോദ വാർത്തകളും വായനക്കാരിലേക്ക് കാലതാമസമില്ലാതെ എത്തിക്കാൻ ഞങ്ങൾ സദാ സന്നദ്ധമാണ്.
സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള മനുഷ്യരുടെ ആശങ്കകൾക്കും പ്രതീക്ഷകൾക്കും ഇടം നൽകുന്ന ഒരു സ്വതന്ത്ര വേദിയായിരിക്കുമിത്. ധാർമ്മികതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ, മാധ്യമമൂല്യങ്ങൾക്ക് പവിത്രത നൽകിക്കൊണ്ട് ഡിഎൻഎ ന്യൂസ് മലയാളം പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ജനാധിപത്യത്തിന്റെ കാവലാളായി, സത്യത്തിന്റെ വെളിച്ചമായി മാറാനുള്ള ഈ എളിയ പരിശ്രമത്തിലേക്ക് എല്ലാ പ്രിയ വായനക്കാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.



