ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലും ഇന്ത്യയിലെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽവേ പാലമായ അഞ്ചി പാലത്തിലും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വിജയകരമായി സർവീസ് നടത്തി വന്ദേ ഭാരത് എക്സ്പ്രസ്. 111 കിലോമീറ്റർ ദൈർഘ്യമുള്ള കത്ര – ബനിഹാൽ ബ്രോഡ്‌ഗേജ് റെയിൽവേ സെക്ഷനിലെ പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തിയതിന്റെ ഭാഗമായാണ് ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഉദംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായുള്ള ഈ വേഗത വർദ്ധനവ് ഒക്ടോബർ 1-നാണ് വിജയകരമായി പരീക്ഷിച്ചത്.
ശ്രീമാതാ വൈഷ്ണോ ദേവി കത്ര – ബനിഹാൽ സെക്ഷനിലെ പരമാവധി വേഗത മുൻപ് 75 കിലോമീറ്ററായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് വേഗത 100 കിലോമീറ്ററായി ഉയർത്തിയത്. കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ ഈ പാതയിൽ, പിർ പഞ്ജൽ മലനിരകളുടെ ദുർഘടമായ ഭൂപ്രകൃതിയും ആഴത്തിലുള്ള താഴ്‌വരകളും മറികടന്നാണ് പാത നിർമ്മിച്ചിരിക്കുന്നത്. 33 ടണലുകളും അത്യാധുനിക എഞ്ചിനീയറിംഗ് വിദ്യകളും അടങ്ങിയ ഈ പാതയിലൂടെയുള്ള യാത്രാസമയം കുറയ്ക്കാനും കൂടുതൽ സുഖകരവും വേഗതയേറിയതുമായ യാത്ര ഉറപ്പാക്കാനും ഈ വേഗത വർദ്ധനവ് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.



