മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണ്ണായക നാഴികക്കല്ല്! സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ അതിവേഗ റെയിൽ പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ നിർണ്ണായക പുരോഗതി. പദ്ധതിയുടെ ഭാഗമായ സൂറത്ത്–ബിലിമോറ സെക്ഷനിലെ ഓവർഹെഡ് ഇലക്ട്രിക് (OHE) ലൈനുകളിൽ നവംബർ 20-ന് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങി. സൂറത്ത്, ബിലിമോറ സ്റ്റേഷനുകൾക്കിടയിലുള്ള ഏകദേശം 50 കിലോമീറ്റർ ദൂരത്തിലാണ് അപ്, ഡൗൺ ലൈനുകളിൽ വൈദ്യുതീകരണം വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ തുടർ പരീക്ഷണ ഓട്ടങ്ങളിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്.

ആഗോളതലത്തിൽ അതിവേഗ റെയിൽ ശൃംഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനികമായ 2 x 25 കെവി ഓവർഹെഡ് ട്രാക്ഷൻ സംവിധാനമാണ് ഈ ഇടനാഴിയിൽ സജ്ജമാക്കിയിരിക്കുന്നത്. ആകെ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയിലുടനീളം നാഷണൽ ഗ്രിഡിൽ നിന്ന് വൈദ്യുതി സ്വീകരിച്ച് ട്രെയിനുകൾക്ക് നൽകുന്നതിനായി 14 ട്രാക്ഷൻ സബ്‌സ്റ്റേഷനുകളാണ് (TSS) നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തേതായ ഗുജറാത്തിലെ നവ്‌സാരി ജില്ലയിലുള്ള ബിലിമോറ ട്രാക്ഷൻ സബ്‌സ്റ്റേഷനിലെ കൺട്രോൾ പാനൽ, ചേഞ്ച്ഓവർ സ്വിച്ച്, ട്രാൻസ്‌ഫോർമർ, സർക്യൂട്ട് ബ്രേക്കർ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഗുജറാത്ത് എനർജി ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (GETCO) 220 കെവി അംബേത ഗ്രിഡ് സബ്‌സ്റ്റേഷനിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനായി ഒരു കേന്ദ്രീകൃത കൺട്രോൾ സെന്ററായിരിക്കും ഈ വൈദ്യുത ശൃംഖലയെ പൂർണ്ണമായും നിയന്ത്രിക്കുക.

സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ ആകാശപ്പാതയിൽ നാല് നദികൾക്ക് കുറുകെയുള്ള പാലങ്ങളും, ദേശീയപാത 53-ന് (NH-53) മുകളിലൂടെ നിർമ്മിച്ച ഉരുക്കുപാലവും ഉൾപ്പെടുന്നു. കൂടാതെ, സമീപപ്രദേശങ്ങളിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി ഏകദേശം 94,000 ശബ്ദപ്രതിരോധ ഭിത്തികളും (നോയ്‌സ് ബാരിയറുകൾ) ഈ പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരുടെ കർശന മേൽനോട്ടത്തിൽ ഘട്ടംഘട്ടമായാണ് ലൈനുകളിൽ വൈദ്യുതി പ്രവഹിപ്പിക്കുന്നത്.

ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുത ലൈനുകൾ പ്രവർത്തനക്ഷമമായ സാഹചര്യത്തിൽ, റെയിൽ ഇടനാഴിക്ക് സമീപമുള്ള പ്രദേശവാസികൾക്കും യാത്രക്കാർക്കും അധികൃതർ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാതയ്ക്ക് സമീപമുള്ള പ്രദേശവാസികളും നിർമ്മാണ തൊഴിലാളികളും പൊതുജനങ്ങളും ഓവർഹെഡ് വൈദ്യുത സംവിധാനങ്ങൾക്ക് അടുത്തേക്ക് പോകുകയോ അവയിൽ സ്പർശിക്കുകയോ ചെയ്യരുതെന്നും, സമീപത്ത് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles