കൊച്ചി :മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. തന്റെ ജീവിതത്തിലേക്ക് അനുയോജ്യനായ ഒരു പങ്കാളി എത്തിയെന്ന സന്തോഷവാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചത്. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റിമി ടോമി വിവാഹക്കാര്യം വെളിപ്പെടുത്തിയത്.
ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള വ്യക്തിയാണ് റിമി. അതുകൊണ്ടുതന്നെ ജീവിതത്തിലെ പുതിയ സന്തോഷവും ആരാധകരെ ആദ്യം അറിയിക്കണമെന്ന ആഗ്രഹത്തോടെയാണ് താരം രംഗത്തെത്തിയത്. വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യം പലരും നിരന്തരം ചോദിച്ചിരുന്നുവെന്നും ഇപ്പോൾ അതിനുള്ള മറുപടി നൽകുകയാണെന്നും റിമി പറഞ്ഞു.
കുടുംബവും സുഹൃത്തുക്കളും എന്നും തനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിൽ ഒരു പങ്കാളിയുടെ സ്ഥാനം ഒഴിഞ്ഞുകിടന്നിരുന്നുവെന്നാണ് റിമി വ്യക്തമാക്കിയത്. പരസ്പരം മനസ്സിലാക്കാനും സന്തോഷവും കരുതലും നൽകാനും കഴിയുന്ന ഒരാളെയാണ് ജീവിതപങ്കാളിയായി ആഗ്രഹിച്ചതെന്നും താരം പറഞ്ഞു.
തന്റെ ജീവിതത്തിലേക്ക് എത്തിയ വ്യക്തിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറെ സന്തോഷവതിയായിരുന്നു റിമി. ദൈവം സമ്മാനമായി നൽകിയ ഒരാളെപ്പോലെയാണ് ആ വ്യക്തിയെ കാണുന്നതെന്നും അദ്ദേഹത്തിൽ നിന്ന് തനിക്ക് ലഭിക്കുന്നത് വലിയ മനസ്സമാധാനമാണെന്നും താരം വ്യക്തമാക്കി.
വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി വലിയ കോടീശ്വരനോ നടനോ ഗായകനോ പ്രശസ്തനായ വ്യക്തിയോ അല്ലെന്നും റിമി തുറന്നുപറഞ്ഞു. പണമോ പ്രശസ്തിയോ അല്ല, മറിച്ച് തന്നെ മനസ്സിലാക്കുകയും കരുതലോടെ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരാളെയാണ് ജീവിതത്തിൽ ആഗ്രഹിച്ചതെന്നും താരം പറഞ്ഞു.
പിന്നീട് നവംബർ രണ്ടിന് പങ്കുവെച്ച പുതിയ വീഡിയോയിലൂടെ വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും റിമി വെളിപ്പെടുത്തി. മുംബൈയിൽ താമസിക്കുന്ന മലയാളിയായ ലിബിൻ മാത്യുവാണ് വരൻ. ബോഡി ബിൽഡറും റിമിയുടെ ട്രെയിനറുമാണ് ലിബിൻ. ഈ മാസം വിവാഹം നടക്കുമെന്നും മുംബൈയിലെ ഡോംബിവിലിയിൽ പള്ളിയിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹമെന്നും താരം അറിയിച്ചു.മാർച്ച് 10-നാണ് ഇരുവരും ആദ്യമായി ഫോണിൽ സംസാരിച്ചത്. മാർച്ച് 14-ന് നേരിൽ കണ്ടു. ആദ്യ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ സംസാരത്തിലൂടെ പരസ്പരം ഇഷ്ടപ്പെട്ടിരുന്നുവെന്നും റിമി വ്യക്തമാക്കി.
പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും പിന്തുണയും വേണമെന്നും താരം അഭ്യർത്ഥിച്ചു. റിമിയുടെ വിവാഹവാർത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.മലയാളികളുടെ സംഗീത-ടെലിവിഷൻ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച റിമി ടോമിയുടെ ജീവിതത്തിലെ പുതിയ അധ്യായത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.



