കൊച്ചി: ‘പ്രേമം’ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ജോഡികളാണ് നിവിൻ പോളിയും സായ് പല്ലവിയും. വർഷങ്ങൾക്കിപ്പുറവും ഇരുവരുടെയും സൗഹൃദത്തിന് മാറ്റമില്ലെന്ന് തെളിയിക്കുന്ന ഒരു രസകരമായ നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിവിൻ പോളി സായ് പല്ലവിക്ക് നൽകിയ അപ്രതീക്ഷിത ഫോൺ കോളും അതിനോടുള്ള താരത്തിന്റെ സന്തോഷകരമായ പ്രതികരണവുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നടൻ ജഗപതി ബാബു അവതാരകനായെത്തുന്ന പ്രമുഖ തെലുങ്ക് ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിക്കിടെ അവതാരകൻ സായ് പല്ലവിയെ അമ്പരപ്പിച്ചുകൊണ്ട് നിവിൻ പോളിയെ തത്സമയം ഫോണിൽ ബന്ധിപ്പിക്കുകയായിരുന്നു. നിവിന്റെ ശബ്ദം കേട്ടതോടെ സായ് പല്ലവി ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്.
നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ താൻ രണ്ട് ദിവസം മുൻപ് കണ്ടിരുന്നുവെന്നും ചിത്രം ഏറെ ഇഷ്ടപ്പെട്ടെന്നും സായ് പല്ലവി പറഞ്ഞു. സിനിമ സൂപ്പർഹിറ്റായതിൽ നിവിനെ അഭിനന്ദിച്ച താരം, ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രത്യേകം പരാമർശിച്ചു.
ചിത്രത്തിൽ മമിത ബൈജു അവതരിപ്പിച്ച കഥാപാത്രം ഏറെ ഹൃദ്യമായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. എന്നാൽ ചിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് സംഗീത് പ്രതാപിന്റെ കഥാപാത്രമായിരുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഓരോ തവണയും ‘അയ്യപ്പാ’ എന്ന് വിളിക്കുന്ന രംഗങ്ങൾ കണ്ടപ്പോൾ താൻ മനസ്സ് തുറന്ന് ചിരിച്ചുപോയെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.
സിനിമ കണ്ടതിനുശേഷം അതേക്കുറിച്ച് സംസാരിക്കാൻ നിവിൻ പോളിയെ വിളിക്കാനിരിക്കുകയായിരുന്നു താനെന്നും അപ്പോഴാണ് അപ്രതീക്ഷിതമായി നിവിന്റെ ഫോൺ കോൾ എത്തിയതെന്നും സായ് പല്ലവി പറഞ്ഞു. തന്നെ വിളിച്ചതിന് നിവിനോട് നന്ദി അറിയിച്ച താരം, ഈ ഫോൺ കോൾ വലിയൊരു സർപ്രൈസായെന്നും വ്യക്തമാക്കി.
അതേസമയം, വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘രാമായണം: പാർട്ട് 1’-ൽ സീതയായി എത്തുന്ന സായ് പല്ലവിക്ക് നിവിൻ പോളി ആശംസകളും നേർന്നു. ‘പ്രേമം’ പുറത്തിറങ്ങി പത്ത് വർഷത്തോളമായിട്ടും ജോർജും മലരും തമ്മിലുള്ള സൗഹൃദം അതേ ഊഷ്മളതയോടെ തുടരുന്നത് ആരാധകരെയും സന്തോഷിപ്പിക്കുകയാണ്.
നിവിൻ പോളി ഫാൻസ് പേജുകളിലൂടെ പ്രചരിച്ച ഫോൺ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പഴയ ‘പ്രേമം’ ഓർമകളിലേക്ക് ആരാധകരെ വീണ്ടും കൊണ്ടുപോകുന്ന ഈ കൂടിക്കാഴ്ചയാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം.



