പത്മജ വേണുഗോപാലിന് പിന്നാലെ മുൻ കായികതാരവും കേരള സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയുമായ പത്മിനി തോമസ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു. ഇന്ന് തന്നെ രാജിക്കത്ത് സമർപ്പിക്കുമെന്ന് പത്മിനി തോമസ് വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്ന് കടുത്ത അവഗണന നേരിട്ടതാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്ന് അവർ കുറ്റപ്പെടുത്തി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് വലിയ എടുത്തുചാട്ടമായിപ്പോയെന്നും ആ തീരുമാനത്തിൽ പശ്ചാത്താപമുണ്ടെന്നും പത്മിനി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന വാഗ്ദാനം ഉൾപ്പെടെ പാർട്ടി നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും പ്രധാന കാര്യങ്ങൾ പോലും സംസ്ഥാന നേതൃത്വം തന്നോട് പങ്കുവെച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു. .
പത്മജ വേണുഗോപാലിന്റെ രാജിയല്ല തന്നെ പ്രേരിപ്പിച്ചതെന്നും, ഒരു വർഷമായി തെറ്റ് തിരുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നുവെന്നും പത്മിനി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാളയത്ത് മത്സരിച്ചത് സ്വന്തം താൽപ്പര്യപ്രകാരമല്ലെന്നും അവർ വെളിപ്പെടുത്തി. കോൺഗ്രസിലേക്ക് മടങ്ങുന്നത് യാതൊരു വ്യക്തിപരമായ പ്രതീക്ഷകളോടെയുമല്ലെന്നും അത് സ്വന്തം കുടുംബത്തിലേക്കുള്ള തിരിച്ചുവരവാണെന്നും പത്മിനി പറഞ്ഞു. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തുമെന്നും, തെറ്റുപറ്റിയാൽ തിരുത്താൻ നേതൃത്വം അവസരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ആർ. ശ്രീലേഖയ്ക്കും സമാനമായ അസംതൃപ്തിയുണ്ടെന്ന് തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപി വിട്ടേക്കുമെന്ന സൂചനയും പത്മിനി നൽകി.



