ഒട്ടാവ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ കത്തിയമർന്ന കാറിനുള്ളിൽ 25-കാരനായ ഇന്ത്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സറേ സ്വദേശിയായ തുഷാർ ശർമ്മയാണ് മരിച്ചത്. ഒക്ടോബർ 29-ന് രാത്രി ലാംഗ്ലി മേഖലയിലുണ്ടായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് കനേഡിയൻ അന്വേഷണ ഏജൻസികൾ.
ഒക്ടോബർ 29-ന് രാത്രി 10:30-ഓടെ ലാംഗ്ലിയിലെ റോളിസൺ ക്രസന്റ് മേഖലയിൽ ഒരു വാഹനത്തിന് തീപിടിച്ചതായി അടിയന്തര സേവന വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ലാംഗ്ലി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കുന്നതിനിടെയാണ് വാഹനത്തിനുള്ളിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം, ലാംഗ്ലി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, ഫോറൻസിക് വിഭാഗം, ബ്രിട്ടീഷ് കൊളംബിയ കൊറോണേഴ്സ് സർവീസ് എന്നിവർ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
തുഷാർ ശർമ്മയെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണമെന്താണെന്നോ ഇദ്ദേഹത്തിന് ആരോടെങ്കിലും വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നോ എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വാഹനത്തിന് തീയിടുന്നതിന് മുൻപ് തന്നെ തുഷാർ കൊല്ലപ്പെട്ടിരുന്നോ എന്നും എത്ര പേർക്ക് കൃത്യത്തിൽ പങ്കുണ്ടെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത തുഷാർ ശർമ്മയ്ക്ക് കാനഡയിൽ വളരെ പരിമിതമായ സൗഹൃദവലയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ ദിനചര്യകളും വ്യക്തിജീവിതവും മനസ്സിലാക്കുന്നതിനായി കാനഡയിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഐ.എച്ച്.ഐ.ടി. സർജന്റ് ഫ്രെഡ ഫോങ് അറിയിച്ചു.
സംഭവദിവസം രാത്രി റോളിസൺ ക്രസന്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളോ സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടതിന്റെ വിവരങ്ങളോ കൈവശമുള്ളവർ അന്വേഷണ സംഘവുമായി പങ്കുവെക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മരണത്തിന് തൊട്ടുമുൻപ് തുഷാറുമായി ബന്ധപ്പെട്ടിരുന്ന വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.



