കൊല്ലം : സ്വത്ത് തർക്കത്തെത്തുടർന്ന് അമ്മയുടെ മേൽ മകളും ചെറുമകളും ചേർന്ന് തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ ചടയമംഗലം പോലീസ് യുവതിക്കും മകൾക്കുമെതിരെ കേസെടുത്തു. കൊല്ലം ആയൂർ ഇടമുളയ്ക്കൽ അശ്വതി ഭവനിൽ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) കൂടിയാണ് ഉപദ്രവിച്ചത് എന്നാണ് പരാതി. വീടും സ്ഥലവും തന്റെ പേരിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടായിരുന്നുവത്രേ ക്രൂരത.
തിളച്ച വെള്ളം ഒഴിച്ചതിനു ശേഷം കൈ കൊണ്ടും കമ്പി കൊണ്ടുംമകൾ തന്നെ മർദ്ദിച്ചതായി രാധാമണി പരാതിയിൽ പറയുന്നു. മുമ്പ് നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽപ്പെടുത്തി എന്ന ആരോപണം നേരിട്ടയാളാണ് അശ്വതി. കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്നപ്പോൾ അശ്വതിയെ മന്ത്രിമന്ദിരത്തിലേക്ക് ക്ഷണിക്കുന്ന ഓഡിയോ സന്ദേശവും പുറത്തു വന്നിരുന്നു. രണ്ടു വർഷം മുമ്പ് വയോധികനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അശ്വതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാന നഗരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന അശ്വതി കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പ് സ്വദേശത്തേക്ക് മടങ്ങിയെന്നാണ് വിവരം.



