ന്യൂഡൽഹി : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ആകെ 181 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും ആദ്യഘട്ടത്തിൽ 24 സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്ന കടുത്ത നിലപാടിലാണ് സമാജ്‌വാദി പാർട്ടി. ‘വിജയസാധ്യത’ മാത്രമായിരിക്കും സീറ്റ് നൽകുന്നതിനുള്ള ഏക മാനദണ്ഡമെന്ന നിലപാടിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഉറച്ചുനിൽക്കുന്നതോടെ, കോൺഗ്രസിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
മുന്നണിയിലെ സീറ്റ് തർക്കങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള കൃത്യമായ കർമ്മപദ്ധതിക്ക് (റോഡ്മാപ്പ്) ബി.ജെ.പി രൂപം നൽകിയിട്ടുണ്ട്. മഥുര കൃഷ്ണ ജന്മഭൂമി വിഷയമടക്കമുള്ള വൈകാരികവും രാഷ്ട്രീയവുമായ വിഷയങ്ങൾ പ്രചാരണത്തിൽ സജീവമായി ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗം കൂട്ടി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സമിതികളെയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള എം.പിമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സമിതികളിൽ അംഗങ്ങളായി ഉൾപ്പെട്ടിട്ടുണ്ട്. ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളുമടങ്ങുന്ന ഈ സമിതികൾക്കായിരിക്കും തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ നടപടികളുടെ പൂർണ്ണ മേൽനോട്ടം.



