ശാസ്ത്രീയ ഫോട്ടോഗ്രാഫി രംഗത്തെ പ്രശസ്തമായ ‘നികോൺ സ്മാൾ വേൾഡ് ഇൻ മോഷൻ’ മത്സരത്തിൽ വിജയിച്ച വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ആരോപണത്തെ തുടർന്ന് പുനഃപരിശോധന ആരംഭിച്ചു. ചൈനയിലെ സിങ്ഹുവ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. നിംഗ് സു സമർപ്പിച്ച വീഡിയോയാണ് വിവാദത്തിലായിരിക്കുന്നത്. അപൂർവ്വ രോഗബാധയുള്ള ഒരു കുട്ടിയുടെ ശ്വാസകോശനാളത്തിലെ ‘സിലിയ’ (cilia) എന്ന സൂക്ഷ്മ ഘടനകളുടെ ചലനമാണ് ഈ വീഡിയോയിലുള്ളത് എന്ന് അവകാശപ്പെടുന്നത്.
എന്നാൽ ഈ വീഡിയോയിൽ സാധാരണ പൊരുത്തപ്പെടാത്ത ചലനങ്ങളും ആകൃതികളുമാണ് ഉള്ളതെന്ന് മറ്റ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ചില ഘടനകൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ടെന്നും ഇതിൽ AI വാട്ടർമാർക്കിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. താൻ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും പരീക്ഷണ ദൃശ്യങ്ങളോ സിലിയയുടെ ചലനങ്ങളോ ഉണ്ടാക്കാൻ AI ഉപയോഗിച്ചിട്ടില്ലെന്നും ഡോ. നിംഗ് സു പ്രതികരിച്ചു. ഗ്രേസ്‌കെയിൽ ചിത്രങ്ങളിലെ പ്രത്യേകതകൾ വ്യക്തമാക്കാൻ മാത്രമാണ് AI ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിന്റെ നിയമപ്രകാരം ജനറേറ്റീവ് AI ഉപയോഗിച്ച് ചിത്രങ്ങളോ വീഡിയോകളോ നിർമ്മിക്കാൻ പാടില്ല. ദൃശ്യങ്ങൾ മൈക്രോസ്കോപ്പ് വഴി എടുത്തതുമായിരിക്കണം. നിലവിൽ നികോണിന്റെ അന്വേഷണവുമായി ഡോ. നിംഗ് സു സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ സാങ്കേതിക രേഖകൾ നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിബന്ധനകൾ ലംഘിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും കൃത്രിമമായി മാറ്റങ്ങൾ വരുത്തിയത് തെളിഞ്ഞാൽ അത് മറ്റ് മത്സരാർത്ഥികളോട് ചെയ്യുന്ന നീതികേടായിരിക്കുമെന്ന് മത്സരത്തിൽ പങ്കെടുത്ത മറ്റ് ശാസ്ത്രജ്ഞരും വ്യക്തമാക്കി. വിഷയത്തിൽ നികോൺ അധികം വൈകാതെ ഔദ്യോഗിക നിലപാട് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



