മധുര : തമിഴ്‌നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്തിനെ പോലീസ് പിടികൂടി. സേലത്തേക്കുള്ള ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അധിയമാൻകോട്ട പോലീസാണ് പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട നിഷാന്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി കീഴപ്പെടുത്തി. കേസിൽ നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും നിഷാന്തിന്റെ പിതാവ് സുരേഷിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 12-ന് പുലർച്ചെ മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്തുള്ള തനിഷ്‌ക് ഷോറൂമിലായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ച നടന്നത്. മോഷണത്തിന് മുന്നോടിയായി കസ്റ്റമർ എന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയ നിഷാന്ത് സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പുതിയ ഷോറൂം ആയതിനാൽ പൂർണമായ ലോക്കർ സംവിധാനം സജ്ജമാകാത്തതും രാത്രികാലങ്ങളിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും പ്രതിക്ക് കാര്യങ്ങൾ എളുപ്പമാക്കി. കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് വഴി ടെറസിൽ കയറിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെ ഉള്ളിൽ കടന്നാണ് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നത്.
യൂട്യൂബറും സഹപാഠിയുമായിരുന്ന മീനാക്ഷിയുടെ വീട് നിർമാണത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കും പണം കണ്ടെത്താനാണ് നിഷാന്ത് കവർച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കവർച്ചയ്ക്ക് ശേഷം സ്വർണം നിറച്ച ബാഗ് പിതാവ് സുരേഷിനെ ഏൽപ്പിച്ച ശേഷം നിഷാന്ത് മീനാക്ഷിയുടെ സ്കൂട്ടറിലാണ് രക്ഷപ്പെട്ടത്. സുരേഷ് ഈ ആഭരണങ്ങൾ ആദ്യം പഴങ്ങാനത്തെ വീട്ടിൽ ഒളിപ്പിക്കുകയും, കവർച്ചാസമയത്ത് നിഷാന്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു. പിന്നീട് മോഷ്ടിച്ച സ്വർണവും വജ്രവും ചാക്കിലാക്കി മാടക്കുളം കുളത്തിന് സമീപമുള്ള കൃഷിയിടത്തിൽ കുഴിച്ചിട്ട ശേഷമാണ് നിഷാന്ത് ഒളിവിൽ പോയത്.
മൊബൈൽ ഫോൺ സിഗ്നലുകൾ, ഓട്ടോറിക്ഷാ യാത്രകളുടെ വിവരങ്ങൾ, പ്രദേശത്തെ ഒരു കാലിവളർത്തുകാരൻ നൽകിയ നിർണായക മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്. തുടർന്ന് മാടക്കുളത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ ആറ് കിലോ സ്വർണവും വജ്രാഭരണങ്ങളും പോലീസ് കണ്ടെടുത്തു. നിഷാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാദിവസം ഉപയോഗിച്ച ഷൂസും കൈയുറകളും കണ്ടെടുത്തതായി പോലീസ് കമ്മിഷണർ എസ്. രാജേന്ദ്രൻ അറിയിച്ചു. നേരത്തെ അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.



