ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. ലഷ്കർ-ഇ-തൊയ്ബ ഭീകരനും, അടുത്തിടെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്നയാളുമായ മുഹമ്മദ് ലത്തീഫ് ഭട്ട് ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി വൈകിയാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ജമ്മുകശ്മീർ പോലീസും സുരക്ഷാസേനയും സംയുക്തമായി പ്രദേശം വളയുകയും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിക്കുകയുമായിരുന്നു. പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് എക്സിലൂടെ അറിയിച്ചു.
ആരാണ് കൊല്ലപ്പെട്ട ലത്തീഫ് ഭട്ട്?
കുൽഗാമിലെ ഖ്രേവാൻ ചദ്ദർ സ്വദേശിയായ മുഹമ്മദ് ലത്തീഫ് ഭട്ട് ദക്ഷിണ കശ്മീരിലെ ഏറ്റവും അപകടകാരികളായ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സുരക്ഷാ ഏജൻസികൾ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനന്ത്നാഗിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതും, ഈ വർഷം ആദ്യം കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയതും ഉൾപ്പെടെ ദക്ഷിണ കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. 2026 ജൂലൈയിൽ ഷോപ്പിയാനിൽ സാക്കിർ ഗനി എന്ന ഭീകരൻ കൊല്ലപ്പെട്ട ഏറ്റുമുട്ടലിൽ നിന്ന് ലത്തീഫ് ഭട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സിആർപിഎഫ് ആക്രമണത്തിനുള്ള തിരിച്ചടി
നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാൻ മേഖലയിലെ സി.ആർ.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയത്. ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേൽക്കുകയും, ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാവുകയും ചെയ്തിരുന്നു.
പരിക്കേറ്റ ജവാന്മാരെ ആദ്യം അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജിലും, തുടർന്ന് ഗുരുതരമായി പരിക്കേറ്റയാളെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പരിക്കേറ്റ ജവാന്മാർക്ക് ഭീകരരുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്തതിൽ നിന്നാണ് ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടാണെന്ന് തിരിച്ചറിഞ്ഞത്. വിദേശ ഭീകരർക്കും ആക്രമണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.



