ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തി ശ്രദ്ധേയനായ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ. വി.എസ്. ബാബു (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24-ന് ചെന്നൈ അമിഞ്ചിക്കരയിലെ എംജിഎം ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 9-നാണ് വി.എസ്. ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ തമിഴ്‌നാട് നിയമസഭയിലെ ഒഴിവുകളുടെ എണ്ണം ആറായി ഉയർന്നു.
ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വിഎസ് ബാബു, പാർട്ടിയുടെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറി പദവി വരെയെത്തിയിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുരസവാക്കം മണ്ഡലത്തിൽ നിന്ന് ഡിഎംകെ. സ്ഥാനാർത്ഥിയായാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2008-ലെ മണ്ഡല പുനർനിർണ്ണയത്തിൽ പുരസവാക്കം ഇല്ലാതാവുകയും അതിലെ ഭൂരിഭാഗം പ്രദേശങ്ങളും പുതുതായി രൂപീകരിച്ച കൊളത്തൂർ മണ്ഡലത്തിന്റെ ഭാഗമാവുകയും ചെയ്തു.
2011-ലെ തിരഞ്ഞെടുപ്പിൽ കൊളത്തൂരിൽ എം കെ സ്റ്റാലിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് പ്രാദേശിക നേതാവായിരുന്ന വി എസ് ബാബുവായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2016-ൽ എഐഎഡിഎംകെയിൽ ചേർന്നു. ഈ വർഷം ആദ്യമാണ് അദ്ദേഹം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിൽ അംഗത്വമെടുത്തതും കൊളത്തൂരിൽ നിന്ന് വിജയിച്ചതും.
വി എസ് ബാബുവിന്റെ നിര്യാണത്തിൽ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രിയും ടി.വി.കെ. അധ്യക്ഷനുമായ സി. ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പൊതുജീവിതത്തിനായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും, ബാബുവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി വിജയ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബാബുവിന്റെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തിയ എം.കെ. സ്റ്റാലിൻ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിക്കം ടാഗോർ, വി.സി.കെ. നേതാവ് തോൽ. തിരുമാവളവൻ, പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, എം എച്ച് ജവാഹിറുള്ള എന്നിവരും അനുശോചനം രേഖപ്പെടുത്തി.



