ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടെ, അനുമതിയില്ലാതെ ആകാശവാണി ഭവന്റെ വളപ്പിൽ പ്രവേശിച്ചെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മറ്റ് എം.പിമാർ എന്നിവർക്കെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ‘ഇൻഡി’ മുന്നണി എം.പിമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്നാണ് ആകാശവാണി ഭവനു മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. പാർലമെന്റ് സ്ട്രീറ്റിലെ ആകാശവാണി ആസ്ഥാനത്തേക്ക് ഉച്ചയോടെയെത്തിയ രാഹുൽ ഗാന്ധി പ്രതിഷേധത്തിൽ പങ്കുചേർന്നു. ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യമുയർത്തി ബാരിക്കേഡുകൾക്ക് മുകളിൽ കയറിയായിരുന്നു പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. പ്രിയങ്ക ഗാന്ധി, എൻ.സി.പി-എസ്.പി എം.പി സുപ്രിയ സുലെ തുടങ്ങിയ പ്രമുഖരും മാർച്ചിൽ പങ്കെടുത്തിരുന്നു.
തുടർന്ന് എട്ട് മണിക്കൂറിലധികം നീണ്ട സമരത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റു നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കെ.സി വേണുഗോപാൽ, പവൻ ഖേര, ദീപേന്ദർ ഹൂഡ തുടങ്ങി 50 എം.പിമാർ ഉൾപ്പെടെ 250-ഓളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിങ്സ് വേ കാമ്പിലെ പുതിയ പോലീസ് ലൈൻസിലേക്ക് മാറ്റിയ നേതാക്കളെ രാത്രി പത്തരയോടെയാണ് വിട്ടയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നും ‘വോട്ട് ചോരി’ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.



