തളിപ്പറമ്പ്: പയ്യന്നൂർ രാമന്തളി കാരന്താട്ടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തിന് ശേഷം നിർണ്ണായക കോടതി വിധി. കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളായ രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു (34), കക്കംപാറയിലെ സഹോദരങ്ങളായ എം. വിപിൻ (34), എം. വൈശാഖ് (31) എന്നിവർ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് വിധിച്ചു. അതേസമയം, മതിയായ തെളിവുകളുടെ അഭാവത്തിൽ നാലുമുതൽ ഇരുപതു വരെയുള്ള 16 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
2016 ജൂലായ് 11-ന് രാത്രി പത്തുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ വീടിനുമുന്നിലിട്ട് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ 20 പേരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. എന്നാൽ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട്ട് ബിജു എന്ന സി. ബിജു പിന്നീട് കൊല്ലപ്പെട്ടതിനാൽ, ശേഷിച്ച 19 പ്രതികളാണ് കോടതിയിൽ വിചാരണ നേരിട്ടത്.
അന്നത്തെ പയ്യന്നൂർ സി.ഐ. വി. രമേശൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ, പിന്നീട് സി.ഐ. ആയി ചുമതലയേറ്റ എം.പി. ആസാദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 2025 സെപ്റ്റംബർ 25-ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ച വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 43 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കുകയും ചെയ്തു.
വിചാരണ നേരിട്ട മറ്റ് പ്രതികളായ ചിറ്റടിയിലെ സി. സുകേഷ് (31), കക്കംപാറയിലെ കെ.വി. പ്രജിത്ത് ലാൽ (31), കെ. അനൂപ് (31), പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം. ബിജു (44), പയ്യന്നൂർ കാരയിലെ പി. രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു (31), കക്കംപാറയിലെ കെ. ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി. രാജീവൻ (34), കക്കംപാറയിലെ കെ. മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ. അജീഷ് എന്ന കണ്ണൻ (38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി. നിജേഷ് എന്ന കുട്ടൻ (38), മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച കേസായിരുന്നു ഇത്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന മുൻ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലോടെ കേസ് വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ സജീവമായിരുന്നു. പിന്നീട് പാർട്ടി വിട്ട കുഞ്ഞികൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എമ്മിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി മറ്റന്നാൾ പ്രഖ്യാപിക്കും.



