കൊല്ലം: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. സന്തോഷ് – രാജി ദമ്പതികളുടെ മകനായ നിരഞ്ജന്റെ (17) മരണവുമായി ബന്ധപ്പെട്ട് രാവിലെ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. നേരത്തെ നിരഞ്ജന്റെ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് നിരഞ്ജനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തിയതും മരണത്തിന് കാരണമായെന്ന് വീട്ടുകാർ ആരോപിക്കുന്നു.
ഇന്ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നതായും സന്തോഷവാനായിരുന്നെന്നും വീട്ടുകാർ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)



