മലബാറിലെ കല്യാണവീടുകളിലെ സൽക്കാരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന വിഭവങ്ങളിലൊന്നാണ് കല്യാണ ബിരിയാണി. കൈമ അരിയുടെ പ്രത്യേക സുഗന്ധവും നെയ്യിൽ വറുത്തെടുത്ത മസാലകളും മാംസത്തിന്റെ രുചിയും ചേരുമ്പോൾ കിട്ടുന്ന ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. സാധാരണ ബിരിയാണികളിൽ നിന്ന് വ്യത്യസ്തമായ മലബാർ സ്റ്റൈൽ കല്യാണ ബിരിയാണി ഇനി വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാം.ഇത്തവണ പരിചയപ്പെടുന്നത് എല്ലോടുകൂടിയ ബീഫ് ഉപയോഗിച്ച് തയ്യാറാക്കുന്ന തനിനാടൻ മലബാർ കല്യാണ ബിരിയാണിയുടെ റെസിപ്പിയാണ്. ബീഫിന് പകരം ചിക്കൻ, മട്ടൺ എന്നിവ ഉപയോഗിച്ചും ഈ രീതിയിൽ ബിരിയാണി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ഒരു കിലോ ബീഫ്, ഒരു കിലോ ജീരകശാല അരി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വലിയ ഉള്ളി, തക്കാളി, കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, തൈര്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, പട്ടയില, നെയ്യ്, അണ്ടിപ്പരിപ്പ്, മല്ലിയില, പുതിനയില, ഉപ്പ് എന്നിവയാണ് പ്രധാന ചേരുവകൾ.
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറിൽ എണ്ണ ഒഴിച്ച് ഏലക്ക, ഗ്രാമ്പൂ, പട്ടയില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർക്കണം. പിന്നാലെ അരിഞ്ഞുവെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റിയ ശേഷം തക്കാളിയും കഴുകി വൃത്തിയാക്കിയ ബീഫും ചേർക്കാം.ഇതിലേക്ക് കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, തൈര്, ഉപ്പ്, മല്ലിയില, പുതിനയില എന്നിവ ചേർത്ത് ചെറിയ തീയിൽ ഏകദേശം 45 മിനിറ്റ് വേവിച്ചെടുക്കണം.
മറ്റൊരു പാത്രത്തിൽ എണ്ണയും നെയ്യും ചേർത്ത് ഉള്ളി വറുത്തെടുക്കുക. ഇതിലേക്ക് അൽപം പഞ്ചസാര ചേർക്കുന്നത് നല്ല നിറവും രുചിയും ലഭിക്കാൻ സഹായിക്കും. തുടർന്ന് ഏലക്ക, ഗ്രാമ്പൂ, പട്ട, പട്ടയില, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അരിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് തിളപ്പിക്കുക.കഴുകി വൃത്തിയാക്കിയ ജീരകശാല അരി ഇതിലേക്ക് ചേർത്ത് വേവിക്കണം. നേരത്തെ തയ്യാറാക്കിയ ബീഫ് മസാലയും വറുത്ത ഉള്ളിയും മല്ലിയിലയും പുതിനയിലയും ചേർത്ത് ദം ഇടാനുള്ള പാത്രത്തിലേക്ക് മാറ്റാം.
അവസാനമായി വേവിച്ച അരി ബീഫ് മസാലയ്ക്ക് മുകളിൽ നിരത്തി അതിനിടയിൽ വറുത്ത ഉള്ളി, നെയ്യ്, മല്ലിയില, പുതിനയില, ഗരം മസാല എന്നിവ ചേർക്കുക. ആവി പുറത്തുപോകാത്ത രീതിയിൽ പാത്രം അടച്ച് കുറഞ്ഞത് 45 മുതൽ 60 മിനിറ്റ് വരെ ദം ചെയ്യണം.
അങ്ങനെ മലബാർ കല്യാണവീടുകളെ ഓർമിപ്പിക്കുന്ന രുചിയേറിയ ബീഫ് കല്യാണ ബിരിയാണി വീട്ടിൽ തന്നെ തയ്യാറാക്കാം. കൈമ അരിയുടെ സുഗന്ധവും മസാലകളുടെ രുചിയും ചേരുന്ന ഈ വിഭവം കുടുംബസംഗമങ്ങൾക്കും വിശേഷ ദിവസങ്ങൾക്കും ഒരുപോലെ അനുയോജ്യമാണ്.



