ന്യൂഡൽഹി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി അടിയന്തരമായി ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കാൻ മാറ്റിവെച്ചത്. പരീക്ഷകൾ ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിഷയം അടിയന്തരമായി വാദത്തിനെടുക്കണമെന്ന് വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ദേവവ്രത്, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹർജി നാളെ കേൾക്കാമെന്നും വിദ്യാർത്ഥികൾക്ക് നിയമപരമായ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കായി വീണ്ടും പരീക്ഷ നടത്താൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകുമെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
നേരത്തെ ഈ വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു. സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങളെടുക്കാൻ സർവകലാശാലയോട് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹൈക്കോടതി വിധി മനുഷ്യത്വവിരുദ്ധമാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചിരുന്നു.
മുൻ താത്കാലിക വി.സി സിസ തോമസിനെതിരായ പ്രതിഷേധങ്ങളുടെ പേരിൽ സസ്‌പെൻഷനിലായ 10 എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികളാണ് തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് താൽക്കാലിക അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.



