തിരുവനന്തപുരം : സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി പദ്ധതി’ മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. പ്രവര്‍ത്തനച്ചെലവിന് ആനുപാതികമായി വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുക്കാത്ത പക്ഷം പ്രക്ഷോഭം കടുപ്പിക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ രണ്ടാം ഘട്ടമായി ഈ മാസം അവസാനം സെക്രട്ടേറിയറ്റിന് മുന്നില്‍ ഭാരവാഹികള്‍ നിരാഹാര സമരം നടത്തും. തുടര്‍ന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത മാസം ആദ്യവാരം മുതല്‍ സംസ്ഥാനവ്യാപകമായി സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



