തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സുഗതനെതിരെ ചുമത്തിയത് രാഷ്ട്രീയപ്രേരിതവും അന്യായവുമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ അശ്വതി സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി സുഗതനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. കൊലപാതകശ്രമമടക്കമുള്ള കേസുകൾ പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പോലീസ് സുഗതനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിനെത്തുടർന്ന് പോലീസ് സംഘത്തിനുനേരെ ആക്രമണമുണ്ടാവുകയും ആകാശത്തേക്ക് വെടിയുതിർക്കേണ്ട സാഹചര്യം വരെയുണ്ടാവുകയും ചെയ്തിരുന്നു.
സുഗതൻ ജയിലിലായതോടെ ബിജെപി ഭരണം നടത്തുന്ന തിരുവനന്തപുരം കോർപറേഷനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തത്. ദൈവങ്ങളുടെ പേരിൽ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതോടെ ഒടുവിൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ജയിലിൽ വെച്ചാണ് സുഗതൻ രണ്ടാമതുംസത്യപ്രതിജ്ഞ ചെയ്തത്. നഗരസഭാ കൗൺസിൽ ഭരണത്തിൽ ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാൻ സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന വാദം. വിധി പുറത്തുവന്നതോടെ അദ്ദേഹം ഉടൻ തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങും.



