കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി. നാളെ പരീക്ഷ ആരംഭിക്കാനിരിക്കെ സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. . വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക നടപടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കാലടി സർവകലാശാല നൽകിയ അപ്പീൽ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
നാളെ ആരംഭിക്കുന്ന പരീക്ഷയെഴുതാൻ സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഓഗസ്റ്റ് 23-ന് സർവകലാശാലയിൽ നടന്ന സമരം അക്രമത്തിലേക്ക് വഴിമാറുകയും വൈസ് ചാൻസലറുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തുകയും ചെയ്തുവെന്ന അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 16 വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. നിലവിൽ ഈ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി 65 ദിവസം പിന്നിടുകയാണ്.
അതിനിടെ, ഉപാധികളോടെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായിരുന്നു. രേഖാമൂലം മാപ്പ് എഴുതി നൽകിയാൽ 16-ൽ 12 വിദ്യാർത്ഥികളുടെയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിലപാട്. എന്നാൽ മാപ്പ് എഴുതി നൽകി കീഴടങ്ങാൻ തയ്യാറല്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ പ്രവർത്തകർ വ്യക്തമാക്കുകയായിരുന്നു. ഇതിനുപിന്നാലെ പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നതോടെ വിദ്യാർത്ഥികളുടെ തുടർന്നുള്ള പരീക്ഷാ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.



