കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രതിഷേധ കേസ്! വീണാ ജോർജിന് കനത്ത തിരിച്ചടി ! കെ.എസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് എസ്ഐടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ നിർണായക തിരിവ്. കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഒരു കുറ്റവും പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്നും പ്രവർത്തകർക്കെതിരെ ചുമത്തിയ പ്രധാന വകുപ്പുകൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ജെ.എഫ്.സി.എം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. എസ്.ഐ.ടി തലവൻ യു. പ്രേമനാണ് കോടതിയിൽ ഈ റിപ്പോർട്ട് നൽകിയത്. കലാപശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകൾ നിലനിൽക്കില്ലെന്നും, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെട്ടിട്ടില്ലെന്നും, വെറുമൊരു കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടന്നതെന്നും റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

മന്ത്രിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്നും കെ.എസ്.യു പ്രവർത്തകർക്ക് വീണ ജോർജിന്റെ അടുത്തെത്താൻ പോലും സാധിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടന്ന പ്രതിഷേധ സംഭവങ്ങളെ അതിശയോക്തിപരമായി പെരുപ്പിച്ചു കാട്ടുകയാണുണ്ടായത്. സമരത്തിനിടെ പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ചെറിയ ഉന്തും തള്ളും മാത്രമാണ് സംഭവിച്ചത്. കൂടാതെ, ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് ആരോപിച്ച ആയുധങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു. ഇതിനു മുമ്പ് സമാനമായ വിവരങ്ങൾ ഉൾപ്പെടുത്തി ഡി.ജി.പിക്കും അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയിരുന്നു.

നേരത്തെ മന്ത്രിയുടെ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഗൺമാൻ തന്റെ പഴയ മൊഴി തിരുത്തുകയായിരുന്നു. പ്രതിഷേധക്കാർ ആയുധങ്ങളുമായി മന്ത്രിയെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അന്നത്തെ മന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരമാണ് താൻ നേരത്തെ തെറ്റായ മൊഴി നൽകിയതെന്നും ഗൺമാൻ വെളിപ്പെടുത്തിയതോടെ കേസിൽ മുൻ മന്ത്രി വീണ ജോർജ് വലിയ കുരുക്കിലാവുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles