മലപ്പുറം: കൊണ്ടോട്ടി എംഡിഎംഎ ലഹരിക്കടത്ത് കേസിലെ അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളായ നൈജീരിയൻ സ്വദേശി പോളിനെയും ഇയാളുടെ ഇന്ത്യൻ വംശജയായ ഭാര്യ ആരതിയെയും പുണെയിൽ നിന്ന് പോലീസ് പിടികൂടി. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ജൂണിൽ കൊണ്ടോട്ടി പുളിക്കലിൽ നിന്ന് 780 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണമാണ് നൈജീരിയൻ ദമ്പതികളിലേക്ക് എത്തിയത്. മയക്കുമരുന്ന് കൈമാറുന്ന പ്രധാന ക്യാരിയറായാണ് പോൾ പ്രവർത്തിച്ചിരുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കി. പോൾ ഉൾപ്പെടെയുള്ള ക്യാരിയർമാരെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വൻകിട ലഹരി ശൃംഖലയുടെ കൂടുതൽ കണ്ണികളിലേക്ക് പോലീസിനെ എത്തിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലായി ഇതുവരെ പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി പോൾ ഉപയോഗിച്ചിരുന്നത് ഭാര്യ ആരതിയുടെ ബാങ്ക് അക്കൗണ്ടായിരുന്നു. ലഹരിവ്യാപാരത്തെക്കുറിച്ചും ഇതിന്റെ നിയമപരമായ ഭവിഷ്യത്തുകളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിട്ടും ആരതി ഈ കുറ്റകൃത്യത്തിൽ പങ്കാളിയാവുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ബെംഗളൂരു പോലീസ് നടത്തിയ അഞ്ച് കിലോ മയക്കുമരുന്ന് വേട്ടയിലും കോയമ്പത്തൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലഹരിക്കടത്ത് കേസുകളിലും പിടിയിലായ ദമ്പതികൾക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ കേസുകളെല്ലാം ഒരേ അന്തർസംസ്ഥാന നാർക്കോട്ടിക് ശൃംഖലയുടെ ഭാഗമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ഈ വൻ ലഹരി ശൃംഖല പൂർണ്ണമായും തകർക്കുന്നതിനുമുള്ള പ്രത്യേക ആക്ഷൻ പ്ലാനുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.



