കഴിഞ്ഞയാഴ്ച ഈറോഡ് പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു. പിറ്റേന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ തുടങ്ങുമ്പോൾ പെട്ടെന്ന് ഒരുൾവിളി. എന്തായാലും ഇതുവരെ വന്നതല്ലേ? ‘UBM നമ്മവീട് സാപ്പാട്’ ഇവിടെ അടുത്തെവിടെയോ ആണല്ലോ. ഗൂഗിൾ മാപ്പിട്ടപ്പോൾ ഈറോഡ് സിറ്റിയിൽ നിന്ന് 25 കിലോമീറ്റർ. 45 മിനിറ്റ് കൊണ്ട് ഡ്രൈവ് ചെയ്ത് എത്താം. ഗൂഗിളിൽ നിന്ന് നമ്പർ തപ്പിയെടുത്ത് വിളിച്ചിട്ട് കാര്യം പറഞ്ഞു.

“തിരുവനന്തപുരത്തിലിരുന്ത് വരുകിറേൻ. UBM -നെപ്പട്രി നിറയ കേൾവിപ്പെട്ടിരിക്കിറേൻ. സാപ്പിട വേണ്ടും. അതേ ഷൂട്ട് പണ്ണ വേണ്ടും.” (തിരുവനന്തപുരത്ത് നിന്ന് വരികയാണ്. UBM -നെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം കഴിക്കണം. അതൊന്നു ഷൂട്ട് ചെയ്യുകയും വേണം.)
“സരി, മൂൺട്രു മണിക്ക് വാറുങ്കാൾ.” (ശരി, മൂന്നു മണിക്ക് വരൂ.)
സമയം അപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ട് മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും നേരെ UBM -ലേക്ക് വിട്ടു. പെരുന്തുറയ്ക്കടുത്ത് RK പുരത്താണ് UBM നമ്മവീട് സാപ്പാട്. അങ്ങനെ വഴിയിലൊക്കെ വായിനോക്കി രണ്ടു മണിയായപ്പോഴേക്കും UBM -ലെത്തി.

വിജനമായൊരിടത്ത്, ചെറിയൊരു ഷെഡ്ഡ് പോലെയാണ് UBM. പുറത്ത് റോഡരികിലായി ഏഴെട്ട് കാറുകൾ കിടപ്പുണ്ട്. അതിലൊന്ന് KL -29. കായംകുളം രജിസ്‌ട്രേഷൻ XUV 700. വണ്ടി പാർക്ക് ചെയ്തിട്ട് ഞാൻ അകത്തു കയറി. വലതുവശത്തുള്ള ഓലമേഞ്ഞ ഷെഡിൽ നിർത്തിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകളിൽ ഊഴം കാത്ത് ആളുകൾ ഇരിപ്പുണ്ട്. ഇടതുവശത്തുള്ള ഷെഡിലാണ് ഭക്ഷണം വിളമ്പുന്നത്. അതിനു മുന്നിൽ നിരത്തിയിട്ട കസേരകളിലും ആളുകൾ ഇരിപ്പുണ്ട്. ഇതിനിടയ്ക്ക് കസവ് ഷർട്ടും മുണ്ടും ധരിച്ച്, കൈകളിൽ മൈലാഞ്ചിയണിഞ്ഞ്, ഉയരം കുറഞ്ഞ ഒരു മനുഷ്യൻ പുറത്തേക്ക് വന്നു. മുതലാളിയാണെന്നു തോന്നിയത് കൊണ്ട് ഞാൻ അടുത്തേക്ക് ചെന്ന് പരിചയപ്പെടുത്തി. പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഒക്കാറ് തമ്പി.”

ഞാനൊരിടത്ത് ചെന്നിരുന്നു. കഴിച്ച ആൾക്കാർ കൈകഴുകി പണവും കൊടുത്ത് പോകുന്നുണ്ട്. പോകുന്നവർക്കെല്ലാം നമ്മുടെ മുതലാളി, ചെറിയൊരു തുണി സഞ്ചിയും, പച്ചമാങ്ങയുടെ രുചിയുള്ള ഐസ് സ്റ്റിക്കും, ഒരു ചെറിയ കപ്പ് ഐസ്ക്രീമും കൊടുക്കുന്നുണ്ട്. മാത്രമല്ല, വീട്ടിൽ വിരുന്നിനു വരുന്ന അതിഥികളെ യാത്രയാക്കുന്നത് പോലെ, ഇനിയും വരണമെന്നൊക്കെ പറയുന്നുമുണ്ട്. എന്തായാലും എന്റെ ഊഴമെത്തി. അപ്പോൾ സമയം മൂന്നര മണി. ഇരുപതോ ഇരുപത്തഞ്ചോ പേർക്ക് ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. മുതലാളി എന്നെ വിളിച്ച് ഒരു കസേരയിൽ കൊണ്ടിരുത്തി. എന്റെ തൊട്ടടുത്തിരിക്കുന്നത് ഒരു ഭാര്യയും ഭർത്താവുമാണ്. ആദ്യം മുന്നിൽ നിരത്തിയത്, ഒരു വലിയ വാഴയിലയാണ്. ഇലയുടെ അറ്റത്ത് ആദ്യം വിളമ്പിയത് ഉപ്പ്. പിന്നെ ഒരു ചെറിയ ബോട്ടിൽ മിനറൽ വാട്ടർ. പിന്നീട് ഒന്നിന് പിറകെ ഒന്നായി പത്തിരുപത്തിരണ്ട്‍ ഐറ്റങ്ങൾ. ഓരോന്നും വിളമ്പുന്നതിനോടൊപ്പം തന്നെ അതിന്റെ പേരും മുതലാളി വിളിച്ചു പറയുന്നുണ്ട്.

‘ചോറ്, മട്ടൻ ബിരിയാണി, മട്ടൻ തലക്കറി, രക്ത പൊരിയൽ (ആടിന്റെ ചോര കൊണ്ടുണ്ടാക്കിയ ഒരിനം തോരൻ), മട്ടൻ കുടൽ കറി (ബോട്ടി), മട്ടൻ ഞല്ലി, മട്ടൻ ലിവർ കൊത്തുകറി, ആട്ടിൻകാൽ പായ, നാടൻ കോഴിക്കറി, പെപ്പർ ചിക്കൻ, ചിന്താമണി ചിക്കൻ (മഞ്ഞ നിറത്തിലുള്ള ഒരിനം കോഴിക്കറി), ടർക്കി കോഴിക്കറി, കാട കറി, മീൻ ഫ്രൈ, മീൻ കറി, മീൻ തൊക്ക് (മീൻ കൊണ്ടുണ്ടാക്കിയ മധുരമുള്ള ഒരു ഐറ്റം), മുട്ട മസാല പുരട്ടിയത്, കോഴിക്കാൽ പൊരിച്ചത്…’

ഇത്രയും കണ്ടപ്പോൾത്തന്നെ വയറ് ഫുൾ. എന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ അടുത്തിരിക്കുന്ന ആൾ എന്നോട് പറഞ്ഞു.
“ഇവിടെ വരികയാണെങ്കിൽ, മീറ്റ് കഴിക്കാൻ വേണ്ടി മാത്രം വരണം. എങ്കിലേ മുതലാകൂ.” പുള്ളി ഇപ്പോൾ തമിഴ്‌നാട്ടിൽ തഹസിൽദാറാണ്. ആകാശ് എന്നാണ് പേര്. മുമ്പ് കുറേക്കാലം തിരുവനന്തപുരത്ത് റയിൽവേയിൽ ജോലി നോക്കിയിരുന്നു.

സത്യം പറയാമല്ലോ, അൺലിമിറ്റഡ് ഫുഡ് ആണെങ്കിൽപ്പോലും, ഇതിൽ പലതും എനിക്ക് ഇഷ്ടപ്പെട്ടില്ല. രക്ത പൊരിയൽ, രുചി നോക്കാൻ വേണ്ടി മാത്രം ഒരിത്തിരി കഴിച്ചു. മീൻ തൊക്ക് കഴിച്ചാൽ, അത് മീൻ കൊണ്ടുണ്ടാക്കിയതാണെന്ന് പറയുകയേയില്ല. ഇത്രയും രുചിയുള്ള ചിക്കൻ ലെഗ് പീസ് ഫ്രൈ കഴിച്ചത് ഇതാദ്യം. എല്ലാവർക്കും ലെഗ് പീസാണ്. എത്ര വേണമെങ്കിലും ആവശ്യത്തിനനുസരിച്ച് കൊടുക്കും. വീട്ടിലെത്തുന്ന വിരുന്നുകാരെ നിർബന്ധിച്ച് ഊട്ടുന്നത് പോലെ, മുതലാളിയും ഭാര്യയും കഴിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തെത്തി നിർബന്ധിച്ച് ഓരോന്ന് ഇലയിലേക്ക് വിളമ്പും. മുതലാളിയും ഭാര്യയും ഒരു ജോലിക്കാരനും മാത്രമാണ് വിളമ്പുന്നത്. കഴിച്ചു തീരാറാകുമ്പോഴേക്കും, അടുത്ത ഐറ്റം എത്തും. നല്ല കട്ടിത്തൈര് ഇലയിലേക്ക് ഒഴിക്കും. അതിനു മീതെ അരവണ പായസം പോലെ, റോസാപ്പൂവിന്റെ മണമുള്ള ഒരു ഐറ്റം. അതാണ് ‘ഗുൽഗോന്ത്.’പക്ഷേ, അരവണ പായസവുമായി പുലബന്ധം പോലുമില്ലെന്ന് കഴിച്ചു നോക്കുമ്പോൾ മനസ്സിലാകും. പനിനീരിന്റെയും ഈന്തപ്പഴത്തിന്റെയുമൊക്കെ സാന്നിദ്ധ്യം ആ വിഭവത്തിലുണ്ടായിരുന്നു. ദഹനത്തിന് വേണ്ടിയുള്ളതാണത്രേ അത്. മുതലാളിയുടെ സ്വന്തം കണ്ടുപിടിത്തമാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സംഭവം കിടിലൻ.

എന്തായാലും ഇലയിൽ വിളമ്പിയത് മുഴുവൻ കഴിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭീകര ദൗത്യമാണ്. അതുകൊണ്ട് ഇല മടക്കി എഴുന്നേറ്റു.
കഴിച്ചു കഴിഞ്ഞ് കൈകഴുകി കാശ് കൊടുക്കാൻ ചെന്നു.
“അണ്ണാ, എവ്വളവ് ആകുത്…?”
“തൊള്ളായിരം രൂപ.” പണം കൊടുത്തപ്പോഴേക്കും, മുതലാളി ഐസ്ക്രീമും, പച്ചമാങ്ങയുടെ രുചിയുള്ള ഐസ് സ്റ്റിക്കും തന്നു.

പിന്നീടാണ് UBM -നെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. കരുണവേൽ എന്നാണ് പുള്ളിയുടെ പേര്. ഭാര്യ, സ്വർണ്ണലക്ഷ്മി. 40 വർഷമായി ‘UBM നമ്മവീട് സാപ്പാട്’ തുടങ്ങിയിട്ട്. കരുണവേലും ഭാര്യയുമാണ് വിഭവങ്ങളെല്ലാം പാചകം ചെയ്യുന്നത്. മകളും മരുമകളും പിന്നെ സഹായത്തിന് ഒരാളും. ആടിനെയും കോഴിയെയുമൊക്കെ സ്വന്തമായി വളർത്തുന്നുണ്ട്. അതുകൊണ്ടാണത്രേ ഈ വിലയ്ക്ക് ഭക്ഷണം കൊടുക്കാൻ കഴിയുന്നത്. സിനിമ – രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ഇവിടെയെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഭക്ഷണം കഴിക്കാനായി ഇവിടെ ആളുകളെത്തുന്നുണ്ട്. കൂടുതൽ പേരുമെത്തുന്നത് ഇവിടുത്തെ ഭക്ഷണത്തെക്കുറിച്ച് കേട്ടറിഞ്ഞുള്ള കൗതുകം കൊണ്ടാണ്.

ഇതിനിടയിൽ DNA ന്യൂസിന് വേണ്ടി ഇതെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്തു. എന്തായാലും ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു. ഇത്തരം കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളും, അത് നടക്കുന്നതിലുള്ള സന്തോഷവുമാണല്ലോ നമ്മുടെ ജീവിതം. ഭക്ഷണത്തേക്കാളേറെ മനസ്സ് നിറച്ചത് കരുണവേൽ അണ്ണന്റെയും ഭാര്യയുടെയും പെരുമാറ്റമായിരുന്നു. അവിടെ നിന്ന് മടങ്ങുമ്പോൾ മനസ്സ് നിറയെ സന്തോഷമായിരുന്നു.
© sumesh marcoplo



