കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കനത്ത തിരിച്ചടി. ജിഎസ്ടി ഇന്റലിജൻസ് നൽകിയ സമൻസിൽ ഇടപെടാൻ കേരള ഹൈക്കോടതി വിസമ്മതിച്ചതോടെ, വരുന്ന വ്യാഴാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കമ്പനി നിർബന്ധിതരായിരിക്കുകയാണ്. സമൻസ് ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജി കോടതി തീർപ്പാക്കി. കൊല്ലം ജിഎസ്ടി ഇന്റലിജൻസ് യൂണിറ്റിന് മുന്നിലാണ് കമ്പനി പ്രതിനിധികൾ ഹാജരാകേണ്ടത്.
ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 25.78 കോടി രൂപയുടെ വൻ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ നികുതിയും പലിശയും പിഴയും ഉൾപ്പെടെ ആകെ 56.32 കോടി രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം, മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത ഘട്ടമായി സമഗ്രമായ ഫോറൻസിക് ഓഡിറ്റിങ്ങിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. പണം വന്നുപോയ വഴികൾ കണ്ടെത്തുന്നതിനായി ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഓഡിറ്റിങ് നടക്കുന്നത്. പണത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് തിരിച്ചറിയുന്നതിനായി രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുഴുവൻ ഫണ്ട് കൈമാറ്റങ്ങളും കർശനമായി പരിശോധിച്ചു വരികയാണ്.



