യാത്രകൾ ബുക്ക് ചെയ്യാനും, ഫോമുകൾ പൂരിപ്പിക്കാനും, ഷോപ്പിംഗ് നടത്താനും സഹായിക്കുന്ന മെറ്റയുടെ വ്യക്തിഗത എഐ ഏജന്റായ ‘മ്യൂസ്’ ഇതിനകം തന്നെ ജനപ്രിയമായിക്കഴിഞ്ഞു. ഇതിന് പിന്നാലെ സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്നവർക്കും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ താൽപ്പര്യമുള്ളവർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ പ്രോജക്ടുമായി എത്തിയിരിക്കുകയാണ് മെറ്റ. സ്വന്തമായി ഹാർഡ്‌വെയർ നിർമ്മിച്ചുകൊണ്ട് മ്യൂസുമായി ബന്ധിപ്പിക്കാൻ ഡെവലപ്പർമാരെ സഹായിക്കുന്ന ‘മ്യൂസ് ഗാഡ്‌ജെറ്റ്സ്’ എന്ന ഓപ്പൺ സോഴ്സ് പ്രോജക്റ്റാണ് കമ്പനി അവതരിപ്പിച്ചത്.
ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തുടക്കം കുറിക്കാനായി ഓപ്പൺ സോഴ്സ് ഫേംവെയറും ലിനക്സ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റും മെറ്റ നൽകുന്നുണ്ട്. മ്യൂസിന് വർണ്ണാഭമായ ഇ-ഇങ്ക്
ഡിസ്‌പ്ലേ നൽകുകയോ, ടിവിയുടെ എച്ച്ഡിഎംഐ പോർട്ടിൽ ഘടിപ്പിക്കാവുന്ന ഒരു സ്റ്റിക്ക് രൂപത്തിലാക്കുകയോ ഒക്കെ ചെയ്യാൻ ഇതിലൂടെ സാധിക്കും. റാസ്‌ബെറി പൈ (Raspberry Pi) അല്ലെങ്കിൽ ഇഎസ്‌പി32 (ESP32) പോലെയുള്ള കുറഞ്ഞ ചിലവിലുള്ള ഹോബിസ്റ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഡിസ്‌പ്ലേകൾ, ബട്ടണുകൾ, സെൻസറുകൾ എന്നിവയുമായി മ്യൂസിനെ ബന്ധിപ്പിക്കാൻ ഇതിൽ പരിമിതികളൊന്നുമില്ല. ഉപയോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി കമ്പനി ഒരു ഡിസ്‌കോർഡ് ചാനലും സജ്ജീകരിച്ചിട്ടുണ്ട്.
മെറ്റയുടെ സൂപ്പർഇന്റലിജൻസ് ലാബ്‌സ് പ്രൊഡക്റ്റ് തലവൻ നാറ്റ് ഫ്രീമാൻ എക്സ് (X)ൽ പങ്കുവെച്ച വിവരമനുസരിച്ച്, ‘മ്യൂസ് ഹോം ലിങ്ക്’ (Muse Home Link) എന്നൊരു പുതിയ ഗാഡ്‌ജെറ്റും കമ്പനി ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്. ഈ ഉപകരണം വഴി മ്യൂസിനെ ഹോം നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാനും സ്പീക്കറുകൾ, സ്മാർട്ട് ടിവികൾ തുടങ്ങിയ സ്മാർട്ട് ഡിവൈസുകളുമായി സംഭാഷണം നടത്താനും സാധിക്കും. ഈ സൗജന്യ ഉപകരണങ്ങൾ മ്യൂസ് സബ്‌സ്‌ക്രൈബർമാർക്കായി മെറ്റ നൽകുന്നുണ്ട്.
മ്യൂസിനെ കേവലം ഒരു ചാറ്റ്‌ബോട്ട് എന്ന നിലയിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള മെറ്റയുടെ സമഗ്രമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ നീക്കം. സാധാരണ ഉപയോക്താക്കൾക്ക് പുറമെ ചെറുകിട സംരംഭങ്ങളെയും ബിസിനസുകളെയും ആകർഷിക്കാനുള്ള ശ്രമങ്ങളും കമ്പനി സജീവമാക്കിയിട്ടുണ്ട്. ഷോപ്പിഫൈ, ഡ്രോപ്‌ബോക്സ്, സ്ലാക്ക് തുടങ്ങിയ ടൂളുകളുമായി മ്യൂസിനെ ബന്ധിപ്പിക്കുന്ന ‘മ്യൂസ് ഫോർ സ്മാൾ ബിസിനസ്’ സംവിധാനവും കമ്പനി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.



