മൊബൈൽ ഫോൺ വിപണിയുടെ സുവർണ്ണ കാലഘട്ടത്തിൽ അതികായന്മാരായി വാണ പല പ്രമുഖ കമ്പനികളും പിന്നീട് അപ്രത്യക്ഷമായത് പെട്ടെന്നുള്ള മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളാൻ സാധിക്കാത്തത് കൊണ്ടാണ്. വേഗതയേറിയ സാങ്കേതിക മാറ്റങ്ങളും ഉപഭോക്തൃ താൽപ്പര്യങ്ങളും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട സോണി എറിക്സൺ, സീമെൻസ്, പാം, തൊഷിബ, പാനസോണിക് തുടങ്ങിയ അഞ്ച് പ്രമുഖ കമ്പനികളുടെ തകർച്ച മൊബൈൽ ഫോൺ വ്യവസായത്തിലെ വലിയൊരു പാഠപുസ്തകം കൂടിയാണ്.
- സോണി എറിക്സൺ (Sony Ericsson)
മ്യൂസിക് ഫോണുകളിലെ വാക്‌മാൻ (Walkman) സീരീസും ക്യാമറ നിലവാരം ഉയർത്തിയ സൈബർ-ഷോട്ട് (Cyber-shot) ലൈനും കൊണ്ട് വിപണിയിൽ ആധിപത്യം സ്ഥാപിച്ച ബ്രാൻഡ് ആയിരുന്നു സോണി എറിക്സൺ. ഔദ്യോഗികമായി പ്ലേസ്റ്റേഷൻ സർട്ടിഫിക്കറ്റുള്ള ഒരേയൊരു ആൻഡ്രോയിഡ് ഫോണായ എക്സ്പീരിയ പ്ലേ (Xperia PLAY), എക്സ്പീരിയ ആർക്കിലെ (Xperia arc) 8.1 എംപി എക്സ്മോർ ആർ (Exmor R) ക്യാമറ എന്നിവയെല്ലാം സോണി എറിക്സൺ വിപണിക്ക് സമ്മാനിച്ച പ്രധാന മോഡലുകളായിരുന്നു. എന്നാൽ ഈ മികച്ച ഹാർഡ്‌വെയറിനുള്ളിൽ വലിയൊരു സോഫ്റ്റ്‌വെയർ പ്രശ്നം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ നൽകുന്നതിലെ മന്ദഗതിയിലുള്ള ശൈലി ഈ ഫോണുകൾക്ക് തിരിച്ചടിയായി. വിപണിയിൽ ആൻഡ്രോയിഡ് 2.1 പതിപ്പ് ലഭ്യമായിരുന്നിട്ടും, 2010-ൽ പുറത്തിറങ്ങിയ എക്സ്പീരിയ എക്സ് 10 (Xperia X10) ഫോണിൽ നൽകിയത് പഴയ 1.6 പതിപ്പായിരുന്നു. എതിരാളികൾ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് നോക്കിനിൽക്കേണ്ടി വന്ന ഉപഭോക്താക്കൾ ഇതിൽ അതൃപ്തരായി. കമ്പനിയുടെ അകത്തുള്ള പ്രശ്നങ്ങൾ രൂക്ഷമായതിനെത്തുടർന്ന്, 2012-ൽ 105 കോടി യൂറോ നൽകി എറിക്സണിന്റെ 50 ശതമാനം ഓഹരിയും സോണി വിലയ്ക്കുവാങ്ങുകയാണുണ്ടായത്.
- സീമെൻസ് മൊബൈൽ (Siemens Mobile)
1990-കളിൽ യൂറോപ്യൻ ടെലികോം രംഗത്ത് ആധിപത്യം പുലർത്തിയ സീമെൻസ് മൊബൈൽ, 2002 ആയപ്പോഴേക്കും ആഗോള മൊബൈൽ ഫോൺ വിപണിയുടെ ഏഴിലൊന്ന് ഭാഗവും സ്വന്തമാക്കിയിരുന്നു. 1999-ൽ പുറത്തിറങ്ങിയ S25, വിപണിയിലെ ആദ്യത്തെ കോംപാക്റ്റ് ജി.എസ്.എം ഫോണുകളിൽ ഒന്നായി ശ്രദ്ധിക്കപ്പെട്ടു. ആകർഷകമായ ഡിസൈനേക്കാൾ ദൃഢതയുള്ള നിർമ്മാണ ശൈലിക്ക് പ്രാധാന്യം നൽകിയ ജർമ്മൻ എൻജിനീയറിങ്, പോക്കറ്റിൽ ഒതുങ്ങുന്ന വിശ്വാസ്യതയാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്.
എന്നാൽ ഈ വ്യാവസായിക നിലവാരത്തിലുള്ള ദൃഢതയ്ക്കുള്ള പ്രതിബദ്ധത തന്നെ കമ്പനിക്ക് വിനയായി. അതിവേഗം മാറുന്നതും ഡിസൈന് മുൻഗണന നൽകുന്നതുമായ കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയുമായി പൊരുത്തപ്പെടാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ ഈ വിഭാഗം കമ്പനിക്ക് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറി. 2005-ൽ നഷ്ടത്തിലായ ഈ യൂണിറ്റ് സീമെൻസ്, ബെൻക്യു (BenQ) എന്ന തായ്‌വാൻ കമ്പനിക്ക് കൈമാറി. കമ്പനിയുടെ പ്രവർത്തനം ഏറ്റെടുക്കുന്നതിനായി ബെൻക്യുവിന് ഏകദേശം 350 മില്യൺ യൂറോ നൽകുകയും സീമെൻസ് ബ്രാന്റ് ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്തു. ഇതോടെ സീമെൻസിന്റെ ചരിത്രത്തിന് അന്ത്യമായി.
- പാം (Palm, Inc.)
1996-ൽ പുറത്തിറങ്ങിയ പാം പൈലറ്റ് (PalmPilot) 18 മാസത്തിനുള്ളിൽ പത്തു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു. പാം കമ്പനിയുടെ ട്രിയോ (Treo) സീരീസ് എതിരാളികളെക്കാൾ വർഷങ്ങൾക്ക് മുൻപ് തന്നെ മികച്ച സ്മാർട്ട്‌ഫോൺ ഫീച്ചറുകൾ നൽകിയിരുന്നു. എന്നാൽ പാം ഓഎസിന്റെ പരിമിതികൾ കാരണം 2009-ൽ പാം പ്രെ (Palm Pre)യോടൊപ്പം പുതിയ വെബ്‌ഒഎസ് (webOS) അവതരിപ്പിച്ചു. കാർഡ് അടിസ്ഥാനമാക്കിയുള്ള മൾ്ട്ടി ടാസ്കിങ്ങും ജെസ്ചർ നാവിഗേഷനും നിരൂപകരുടെ വലിയ പ്രശംസ പിടിച്ചുപറ്റി.
എന്നാൽ 2009 അവസാനമായപ്പോഴേക്കും ഐഫോൺ ആപ്പ് സ്റ്റോറിൽ 100,000-ത്തിലധികം ആപ്പുകൾ ഉണ്ടായിരുന്നപ്പോൾ, വെബ്‌ഒഎസിൽ ഏതാനും നൂറു ആപ്പുകൾ മാത്രമാണുണ്ടായിരുന്നത്. ആപ്പുകളുടെ ഈ കുറവ് കമ്പനിക്ക് തിരിച്ചടിയായി മാറി. വിവിധ ഉപകരണങ്ങളിൽ വെബ്‌ഒഎസ് ഉപയോഗിക്കാമെന്ന പ്രതീക്ഷയോടെ 2010-ൽ എച്ച്.പി കമ്പനി പാം സ്വന്തമാക്കി. എന്നാൽ 2011-ൽ എച്ച്.പി പുറത്തിറക്കിയ ടച്ച് പാഡ് (HP TouchPad) ടാബ്‌ലെറ്റ് പരാജയപ്പെടുകയും എച്ച്.പി പെട്ടെന്ന് തന്നെ ഹാർഡ്‌വെയർ നിർമ്മാണം നിർത്തലാക്കുകയും ചെയ്തു.
- തൊഷിബ (Toshiba)
ലാപ്‌ടോപ്പ് നിർമ്മാണത്തിലെ തങ്ങളുടെ പ്രാഗത്ഭ്യം മൊബൈൽ ഫോൺ രംഗത്തേക്ക് പകർത്താൻ തൊഷിബയ്ക്ക് ഒരിക്കലും കഴിഞ്ഞില്ല. 2009-ൽ പുറത്തിറങ്ങിയ TG01 ഹാൻഡ്‌സെറ്റ് ആകർഷകമായ ഹാർഡ്‌വെയറാണ് പ്രദർശിപ്പിച്ചത് – അക്കാലത്ത് വളരെ വലുതെന്ന് കണക്കാക്കിയ 4.1 ഇഞ്ച് സ്ക്രീനും സ്ലിം പ്രൊഫൈലും അതിലുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും കാലഹരണപ്പെട്ടു കഴിഞ്ഞ വിൻഡോസ് മൊബൈൽ 6.1 (Windows Mobile 6.1) ആയിരുന്നു അത് പ്രവർത്തിച്ചിരുന്നത്. പേപ്പറിൽ നോക്കുമ്പോൾ സ്പെസിഫിക്കേഷനുകൾ മികച്ചതായി തോന്നിയെങ്കിലും, ഉപയോക്താവിന് മികച്ച അനുഭവം നൽകുന്നതിൽ അവ പരാജയപ്പെട്ടു.
2010-2011 കാലഘട്ടത്തിലെ റെഗ്സ ഫോൺ (REGZA Phone) മോഡലുകൾ ജപ്പാനിൽ മൊബൈൽ ടിവി സ്വീകരിക്കുന്നതിനായി തൊഷിബയുടെ സ്വന്തം ടിവി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. എന്നാൽ ഈ ഫോണുകൾ ദൈനംദിന ഉപയോഗത്തിന് അനുയോജ്യം എന്നതിനേക്കാൾ ഉപരി സാങ്കേതിക പ്രദർശനങ്ങൾ പോലെയാണ് അനുഭവപ്പെട്ടത്. ഉപഭോക്താക്കൾ കൂടുതൽ മേന്മകളുള്ള എതിരാളികളുടെ ആകർഷകവും ലളിതവുമായ ഫോണുകളിലേക്ക് ഉപഭോക്താക്കൾ തിരിഞ്ഞു. അങ്ങനെ തൊഷിബയുടെ മൊബൈൽ ഉൽപ്പന്നങ്ങൾ വിപണിയിൽ വലിയ ചലനങ്ങളൊന്നുമില്ലാതെ നിശബ്ദമായി അപ്രത്യക്ഷമായി.
- പാനസോണിക് എലൂഗ (Panasonic Eluga)
പരുക്കൻ സാഹചര്യങ്ങളെ അതിജീവിക്കുന്ന ടഫ്‌ബുക്ക് (Toughbook) ലാപ്ടോപ്പുകളിലൂടെയാണ് പാനസോണിക് തങ്ങളുടെ പേര് ഉറപ്പിച്ചത്. 2012-ഓടെ എലൂഗ (Eluga) സീരീസിലൂടെ അവർ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചെത്തിയപ്പോഴും ഫോണിന്റെ ദൃഢത തന്നെയായിരുന്നു പ്രധാന വിൽപ്പനച്ചരക്ക്. അക്കാലത്ത് ഏറെ നൂതനമായിരുന്ന IP57 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറിന് ഈ ഫോണുകൾ ഏറെ പ്രാധാന്യം നൽകി.
എന്നാൽ ഈ സവിശേഷത പെട്ടെന്നുതന്നെ എല്ലാ ഫോണുകളിൽ സാധാരണമായി മാറി. ഫോൺ വെള്ളത്തിൽ വീണാലും കേടുകൂടാതെ ഇരിക്കുന്നു എന്നതുകൊണ്ട് മാത്രം കാര്യമില്ലായിരുന്നു, കാരണം അതിന്റെ ക്യാമറ പഴയ രീതിയിലുള്ളതാണെങ്കിലോ പ്രൊസസ്സർ പിന്നിലാണെങ്കിലോ ഉപയോക്താക്കൾക്ക് അത് നിരാശ സമ്മാനിക്കും. ഫോണിന്റെ ഈടുനിൽപ്പ് ആഗ്രഹിച്ചവർക്ക് അതേസമയം തന്നെ എലൂഗ ഫോണുകളിൽ ആധുനിക ഡിസ്പ്ലേ നിലവാരമോ മികച്ച പ്രൊസസിംഗ് കരുത്തോ ഇല്ലെന്ന് മനസ്സിലായി. ഒടുവിൽ 2016-ഓടെ കമ്പനി ആഗോള കൺസ്യൂമർ സ്മാർട്ട്‌ഫോൺ വിപണിയിൽ നിന്ന് പൂർണ്ണമായും പിന്മാറി. മൊബൈൽ രംഗത്ത് വിജയം നേടാൻ കേവലം ദൃഢത മാത്രം പോരാ എന്ന് ഈ സംഭവം തെളിയിച്ചു.



