വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ ‘എ.ഐ’ എന്ന പദത്തിന് പകരം ഇനി മുതൽ അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ ‘സൂപ്പർ ഇന്റലിജൻസ്’ അഥവാ ‘എസ്.ഐ’ (SI)ണ് ഉപയോഗിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പ്രയോഗം കാലഹരണപ്പെട്ടുവെന്നും പുതിയ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് ആ പേര് മതിയാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗിക ഉത്തരവിൽ ഒപ്പുവെച്ചു. “സൂപ്പർ ഇന്റലിജൻസിന്റെ യുഗത്തിന് തുടക്കം കുറിക്കുന്നു” എന്ന് പേരിട്ടിരിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഈ മാറ്റം.
ഇനി മുതൽ ഫെഡറൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളുടെ ഔദ്യോഗിക ആശയവിനിമയങ്ങൾ, പൊതു അറിയിപ്പുകൾ, വെബ്‌സൈറ്റുകൾ, റിപ്പോർട്ടുകൾ, അഡ്മിനിസ്ട്രേറ്റീവ് നയരേഖകൾ എന്നിവയിലെല്ലാം ‘എ.ഐ’ എന്നതിന് പകരം ‘എസ്.ഐ’ എന്ന പദം കർശനമായി ഉപയോഗിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ നിലവിലുള്ള നിയമങ്ങൾ, കരാറുകൾ, ഗ്രാൻ്റുകൾ, ചരിത്രപരമായ ആർക്കൈവ് രേഖകൾ എന്നിവയ്ക്ക് ഈ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ ബാധകമല്ല.
തന്റെ ഭരണകാലത്ത് ടെക്നോളജി രംഗത്തുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം. വൈറ്റ് ഹൗസിൽ എലോൺ മസ്‌ക് (സ്‌പേസ് എക്സ്), മാർക്ക് സക്കർബർഗ് (മെറ്റ), സുന്ദർ പിച്ചൈ (ഗൂഗിൾ), ജെൻസൺ ഹ്വാങ് (എൻവിഡിയ), ഡാരിയോ അമോഡി (ആൻത്രാപിക്) തുടങ്ങിയ മുൻനിര ടെക് ഭീമന്മാരുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇത് ഇന്റർനെറ്റിനേക്കാളും വലുതാണെന്നും മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണിതെന്നും ട്രംപ് വിശേഷിപ്പിച്ചു.
സാങ്കേതികവിദ്യയുടെ വളർച്ച കേവലം മനുഷ്യ ബുദ്ധിയെ അനുകരിക്കുകയല്ല മറിച്ച് മനുഷ്യന്റെ സർഗാത്മകതയെയും ഭാവനയെയും വിപുലീകരിക്കുകയാണെന്ന് ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങി മനുഷ്യന്റെ എല്ലാ പ്രവർത്തന മേഖലകളിലും ഈ മാറ്റം പ്രതിഫലിക്കണമെന്നും ഭരണകൂടം വിലയിരുത്തുന്നു. കൂടാതെ സുരക്ഷിതമായ രീതിയിൽ ഈ സാങ്കേതികവിദ്യ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വൈറ്റ് ഹൗസിന്റെ നേതൃത്വത്തിൽ പ്രമുഖ ടെക് കമ്പനി മേധാവികൾ സുരക്ഷാ കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.



