നൂറു വയസ്സിനപ്പുറം ആരോഗ്യത്തോടെ ജീവിക്കാൻ എന്ത് വേണം? 117 വർഷം ജീവിച്ച മരിയ എന്ന സ്പാനിഷ് വനിതയുടെ ജീവിതശീലങ്ങൾ പങ്കുവെച്ച് അപ്പോളോ ഹോസ്പിറ്റലിലെ ജെറിയാട്രിക് മെഡിസിൻ വിദഗ്ധനായ ഡോ. പ്രസൂൺ ചാറ്റർജി. മരിയയുടെ ആഹാരക്രമം, വൈകാരിക ക്ഷേമം, ഉറക്കം, കുടലിന്റെ ആരോഗ്യംഎന്നിവയാണ് ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കാൻ അവരെ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ലളിതമായ ജീവിതശീലങ്ങളായിരുന്നു മരിയുടേത്. ദിവസവും തൈര് കഴിക്കുക, പുതുതായി പാകം ചെയ്ത മീൻ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക, ദിവസത്തിൽ മൂന്ന് തവണ മാത്രം ഭക്ഷണം കഴിക്കുക എന്നിവയായിരുന്നു അവരുടെ രീതി. പ്രതികൂല സാഹചര്യങ്ങളിൽ നിന്നും നെഗറ്റീവ് ചിന്താഗതിക്കാരായ ആളുകളിൽ നിന്നും അകലം പാലിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. പിയാനോ വായിക്കാൻ അഭ്യസിക്കുകയും അത് വായിക്കുകയും ചെയ്ത അവർ, ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശ്രമിച്ചു. അവസാന കാലത്തും പോസിറ്റീവ് ആയ സമീപനമായിരുന്നു മരിയയുടേത്.
മരിയയുടെ കുടലിലെ മൈക്രോബയോം ഒരു നവജാത ശിശുവിന്റേതുപോലെയായിരുന്നു എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇത് ദീർഘകാലം ജീവിക്കാൻ അവരെ സഹായിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ‘ബിഫിഡോബാക്ടീരിയം’ എന്ന നല്ല ബാക്ടീരിയയുടെ സാന്നിധ്യം തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും, ദിവസേന തൈര് ശീലമാക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. 2024 ഓഗസ്റ്റ് 19-ന് 117-ാം വയസ്സിലാണ് മരിയ അന്തരിച്ചത്.



