വ്യത്യസ്തത ഔട്ട് ഫിറ്റിൽ വീണ്ടും ശ്രദ്ധ നേടി ഹോളിവുഡ് താരം മേഗൻ ഫോക്സ്. ഒരു സൂപ്പർഹീറോ സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന ചുവന്ന വസ്ത്രത്തിലാണ് നടി എത്തിയിരിക്കുന്നത്. എന്നാൽ ഒരു സിനിമയ്ക്ക് വേണ്ടിയല്ല, പ്രമുഖ ടെലിഹെൽത്ത് കമ്പനിയായ ‘റോ’ (Ro)-യുടെ ഉദ്ധാരണക്കുറവ് (erectile dysfunction) പരിഹരിക്കുന്നതിനുള്ള പുതിയ മരുന്നായ ‘റോ സ്പാർക്സ്’ (Ro Sparks) പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് താരം ഈ പുതിയ കാമ്പെയ്‌നിൽ പങ്കാളിയായിരിക്കുന്നത്.
“ഹായ്, ഞാൻ വയഗ്ര അല്ല, ഞാൻ റോ സ്പാർക്സ് ആണ്; പുരുഷന്മാർക്കായുള്ള ഒരു കുറിപ്പടി മരുന്ന്,” പുതിയ പരസ്യ വീഡിയോയിൽ മേഗൻ ഫോക്സ് പറയുന്നു. സിൽഡെനാഫിൽ, ടാഡലാഫിൽ എന്നീ പ്രധാന ഘടകങ്ങൾ അടങ്ങിയ ഈ മരുന്ന് നാക്കിനടിയിൽ വെച്ച് അലിയുന്നതും, 15 മിനിറ്റിനുള്ളിൽ ഫലം തരുന്നതും, 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതുമാണെന്ന് അവർ വിശദീകരിക്കുന്നു. സ്ക്രീനിലെ ഒരു സെക്സ് സിംബോൾ എന്ന നിലയിൽ തനിക്ക് ഏറ്റവും അനുയോജ്യമായ ഒരു വേഷമാണിതെന്നും ഇതിൽക്കൂടുതൽ അനുയോജ്യരായ മറ്റ് ആരെയും കാണാൻ കഴിയില്ലെന്നും മേഗൻ ഫോക്സ് പീപ്പിൾ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്ത്രീകൾ പറയുന്ന സന്ദേശങ്ങളാണ് പുരുഷന്മാർ കൂടുതൽ ശ്രദ്ധയോടെ സ്വീകരിക്കുന്നത് എന്ന കമ്പനിയുടെ ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മേഗൻ ഫോക്സിനെ ഇതിനായി തിരഞ്ഞെടുത്തത്. ടെലിവിഷൻ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ എന്നിവയ്‌ക്കൊപ്പം ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ഉൾപ്പെടെയുള്ള പരസ്യബോർഡുകളിലും മേഗൻ ഫോക്സിന്റെ പുതിയ കാമ്പെയ്ൻ ഇടംപിടിക്കും. സെറീന വില്യംസ്, ചാൾസ് ബാർക്ലി തുടങ്ങിയ പ്രമുഖരെ നേരത്തെ മറ്റ് ഉൽപ്പന്നങ്ങൾക്കായി കമ്പനി ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചിട്ടുണ്ട്. ‘ഫോർമർ ട്രാൻസ്‌ഫോർമേഴ്സ്’ താരം കൂടിയായ മേഗൻ ഫോക്സിന്റെ ഈ പുതിയ പരസ്യം ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു.



