കേരളത്തിലെ ജനപ്രിയ റോക്ക് ബാൻഡുകളിൽ ഒന്നായ ‘എവർഗ്രീൻ’ പുതിയ ഊർജ്ജത്തോടെ സംഗീത ലോകത്തേക്ക് തിരിച്ചെത്തുന്നു. ഹാർഡ് റോക്ക് സംഗീതവും ശക്തമായ ഗിറ്റാർ റിഫുകളും ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളിലൂടെയും ശ്രദ്ധ നേടിയ ഈ ബാൻഡ് 1998-ലാണ് തുടക്കമിട്ടത്. സ്വന്തമായി സംഗീതം ഒരുക്കിയ നിരവധി വേദി പ്രകടനങ്ങൾക്ക് ശേഷം, ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം 2007-ൽ അവർ തങ്ങളുടെ ആദ്യ ആൽബമായ ‘ബിറ്റ്വീൻ ആൻഡ് ബിയോണ്ട്’ (Between and Beyond) പുറത്തിറക്കിയിരുന്നു.
എന്നാൽ പ്രായവും കുടുംബപരമായ ഉത്തരവാദിത്തങ്ങളും ജോലിയും ജീവിതത്തിന്റെ മറ്റ് തിരക്കുകളും കാരണം പിന്നീട് ബാൻഡിന്റെ പ്രവർത്തനങ്ങൾക്ക് ചെറിയ ഇടവേള വന്നു. എങ്കിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ബെയ്സ് ഗിറ്റാറിസ്റ്റ് അരുൺ ശശിധരൻ ആ സ്വപ്നം ജീവനോടെ നിലനിർത്തി. കുറച്ചുകാലങ്ങൾക്ക് മുൻപ് സ്ഥാപകാംഗമായ സുനിൽ സിൽവെസ്റ്ററും മറ്റ് അംഗങ്ങളും തിരിച്ചെത്തിയതോടെയാണ് ബാൻഡിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.
ചാൾസ് നസരത് (ആലാപനം), സ്യാം ബാലകൃഷ്ണൻ (ഗിറ്റാർ), ജെഫിൻ ജോ ജേക്കബ് (കീബോർഡ്), അരുൺ രൂപേഷ് (ഡ്രംസ്) തുടങ്ങിയ പഴയ അംഗങ്ങളെല്ലാം ചേർന്നാണ് ‘Evrgr:n’ എന്ന പുതിയ പേരിൽ ബാൻഡ് വീണ്ടും സജീവമാകുന്നത്. പ്രായത്തിനൊപ്പം വന്ന പക്വതയോടെയാണ് തങ്ങൾ ഇത്തവണ സംഗീത ലോകത്തേക്ക് തിരിച്ചെത്തുന്നതെന്നും, പരസ്പരമുള്ള ഈഗോ മാറ്റിവെച്ച് നല്ല സംഗീതം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അരുൺ പറയുന്നു. ക്ലാസിക് റോക്കിൽ തുടങ്ങി ജാസ്, സിന്ത്, ഇലക്ട്രോ, പ്രോഗ്രസീവ് സംഗീതം എന്നിവയുടെ പുതിയൊരു അനുഭൂതിയാണ് പുതിയ ബാൻഡ് സമ്മാനിക്കുന്നത്. ആ മാറ്റം ഉൾക്കൊണ്ടാണ് തങ്ങൾ പേരിൽ ചെറിയ മാറ്റം വരുത്തിയതെന്നും അവർ വ്യക്തമാക്കുന്നു.



