അർജന്റീന ഫുട്ബോൾ ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ കേസിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം (Prevention of Corruption Act) ചുമത്തുന്നതിന് ഡിജിപി സർക്കാരിന്റെ അനുമതി തേടി. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി. ഈ സംഭവത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ പുതിയ പ്രതിപട്ടികയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.
കേസിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമാണ് നിലവിൽ പ്രതിപട്ടികയിലുള്ളത്. എന്നാൽ തട്ടിപ്പിന് പിന്നിൽ മന്ത്രിതല ഗൂഢാലോചനയും അധികാരദുർവിനിയോഗവും നടന്നിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. യാതൊരുവിധ ടെൻഡറുകളുമില്ലാതെ സ്പോൺസറെ കണ്ടെത്തിയതും, നടക്കാൻ സാധ്യതയില്ലാത്ത മത്സരത്തിനായി ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനും അദ്ദേഹത്തിന്റെ ഓഫീസും സെക്രട്ടേറിയറ്റ് ചട്ടങ്ങൾ മറികടന്ന് സ്പോൺസർക്ക് വേണ്ടി പ്രവർത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അഴിമതി നിരോധന വകുപ്പുകൾ കൂടി ഉൾപ്പെടുത്തി വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം പുതിയ റിപ്പോർട്ട് സമർപ്പിക്കും.



