മുംബൈ : രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പവും ആഗോള വിപണിയിലെ വെല്ലുവിളികളും കണക്കിലെടുത്ത് റിപ്പോ നിരക്ക് 0.25% വർധിപ്പിച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി ഉയർന്നു. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് റിസർവ് ബാങ്ക് നിരക്ക് വർധിപ്പിക്കുന്നത്. ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്.
ഉയർന്ന എണ്ണവില, ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന വ്യാപാര തടസ്സങ്ങൾ, ദുർബലമായ രൂപയുടെ മൂല്യം എന്നിവയാണ് പണപ്പെരുപ്പ ഭീഷണി രൂക്ഷമാക്കിയത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തവും സുസ്ഥിരവുമായി തുടരുമെന്ന് ഗവർണർ വ്യക്തമാക്കി. സമീപഭാവിയിൽ പലിശ നിരക്കുകളിൽ കുറവുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ന് ശേഷം ആദ്യമായി കേന്ദ്ര ബാങ്ക് തങ്ങളുടെ പണനയ നിലപാട് ‘ന്യൂട്രൽ’ എന്ന അവസ്ഥയിൽ നിന്ന് ‘കാലിബ്രേറ്റഡ് ടൈറ്റനിംഗ്’ എന്ന നിലയിലേക്ക് മാറ്റുന്നത്. പണപ്പെരുപ്പ സമ്മർദ്ദങ്ങൾ തുടർന്നാൽ ഭാവിയിലും നിരക്ക് വർധന ഉണ്ടാകുമെന്ന ശക്തമായ സൂചനയാണ് ഇത് നൽകുന്നത്. ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ പ്രവചനം 4.3 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി ആർബിഐ ഉയർത്തിയിട്ടുണ്ട്.
നിരക്ക് വർധനയ്ക്കിടയിലും രാജ്യത്തിന്റെ വളർച്ചാ പ്രവചനം ആർ.ബി.ഐ ഉയർത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക വർഷത്തെ യഥാർത്ഥ ജി.ഡി.പി വളർച്ചാ പ്രവചനം 6.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായാണ് വർധിപ്പിച്ചത്. വ്യവസായ-സേവന മേഖലകളുടെ കരുത്തും ശക്തമായ ആഭ്യന്തര ആവശ്യകതയുമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് തുണയാകുന്നത്. എങ്കിലും ദുർബലമായ മൺസൂൺ സാധ്യതകളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഭാവിയിൽ വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു.



