ഏറെ വിവാദങ്ങൾക്ക വഴിവെച്ച വാടക ഹെലികോപ്റ്റർ കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ . ചിപ്സൺ ഏവിയേഷൻ കമ്പനിയുമായുള്ള കരാർ ഇനി പുതുക്കില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ലോകായുക്തയിൽ നിലപാടറിയിച്ചു.
ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ ഒന്നായിരുന്നു വാടക ഹെലികോപ്റ്റർ ഇടപാട്. ആദ്യം ‘പവൻ ഹൻസു’മായും പിന്നീട് ‘ചിപ്സൺ’ കമ്പനിയുമായും സർക്കാർ കരാറിലെത്തി. പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷം രൂപയും, അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും നൽകുന്നതായിരുന്നു വ്യവസ്ഥ. ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെങ്കിലും നിശ്ചിത വാടക നൽകേണ്ടി വരുന്ന ഈ രീതി കനത്ത ധൂർത്താണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
കരാർ കാലാവധി അവസാനിച്ചപ്പോൾ തുക വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ നിലവിലെ കരാർ തന്നെ തുടരണമെന്ന് ഡി.ജി.പി ശുപാർശ ചെയ്തിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞതോടെ ആവശ്യമുള്ളപ്പോൾ മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ സർവീസ് നടത്താമെന്ന പുതിയ നിർദ്ദേശമാണ് ചിപ്സൺ ഏവിയേഷൻ കമ്പനി മുന്നോട്ടുവെച്ചത്. ഈ സാഹചര്യത്തിലാണ് കരാർ പുതുക്കേണ്ടതില്ലെന്ന സുപ്രധാന തീരുമാനം സർക്കാർ ലോകായുക്തയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.



