ബിജെപി എം.പി ആയതുകൊണ്ട് മാത്രം എയിംസ് തൃശൂരില്‍ വരരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍, താന്‍ അത് തൃശൂരില്‍ തന്നെ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച എയിംസിനായുള്ള ഒന്‍പത് സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് തൃശൂരിനെ ഒഴിവാക്കിയതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്.കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂരാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയുടെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ സാമ്പത്തിക അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിംസ് വിഷയം വിശദീകരിച്ച് താന്‍ മടുത്തുവെന്നും സുരേഷ് ഗോപി തുറന്നടിച്ചു. അതേസമയം, തൃശൂരില്‍ സ്‌കൂള്‍ കായികമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവത്തിലും കേന്ദ്രമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യം ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം അനാസ്ഥകള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



